

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ
Freepik.com
പ്രണയകാലത്ത് കാമുകിക്ക് വേണ്ടി ചെലവഴിച്ച് മൂന്നര കോടി രൂപ തിരിച്ചാവശ്യപ്പെട്ട് സിംഗപ്പൂർ കോടതിയിൽ നൽകിയ കേസിൽ പരാജയപ്പെട്ട് ഇന്ത്യക്കാരൻ. കാമുകിക്ക് വേണ്ടി ചെലവഴിച്ച് മൂന്നര കോടി രൂപ തിരിച്ചു വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കേസിലാണ് ഇന്ത്യൻ വംശജനായ ചന്ദർ അഗർവാൾ തോറ്റു പോയത്. ഇന്ത്യൻ ലോജിസ്റ്റിക് കമ്പനി ടിസിഐ എക്സ്പ്രസ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്റ്ററും സിഇഒയുമാണ് അഗർവാൾ. ഫെലിസിയ ലീ എന്ന മുൻ കാമുകിക്ക് എതിരേയാണ് സിംഗപ്പൂർ കോടതിയിൽ അഗർവാൾ കേസ് കൊടുത്തത്. കാമുകിക്ക് കൊടുത്തത് പലിശ രഹിത വായ്പയാണെന്നും അതു തിരിച്ചു തരേണ്ടതാണെന്നുമായിരുന്നു അഗർവാളിന്‍റെ വാദം. എന്നാൽ പണം സമ്മാനങ്ങളുടെ രൂപത്തിലാണ് കൊടുത്തതെന്ന് കണ്ടെത്തിയതിനു പിന്നാലെ വായ്പയാണെന്ന വാദം കോടതി തള്ളി.
2019ലാണ് അഗർവാളും ലീയും ആദ്യമായി കാണുന്നത്. 2022 സെപ്റ്റംബർ മുതൽ ഇരുവരും പ്രണയത്തിലായി. ഫസ്റ്റ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റുകൾ, വിദേശ യാത്രകൾ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, ആഡംബര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വ്യക്തിപരമായ ചെലവുകൾ തുടങ്ങി വലിയ തുക തന്നെ അഗർവാൾ കാമുകിക്ക് വേണ്ടി ചെലവാക്കിയിരുന്നു. ലീയുടെ ഫ്ലാറ്റിനു വേണ്ടി മാത്രം 217,000 ഡോളറാണ് ചെലവഴിച്ചിരുന്നത്. ലീ തന്നോട് ആത്മാർഥത കാണിക്കുന്നില്ലെന്ന് തോന്നിയതോടെ 2023 ഡിസംബറിൽ അഗർവാൾ പ്രണയത്തിൽ നിന്നും പിന്മാറി.
തൊട്ടു പിന്നാലെ ലീ ആവശ്യപ്പെട്ടതനുസരിച്ച് വായ്പയായാണ് പണം നൽകിയതെന്നും അതെല്ലാം തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് അഗർവാൾ കേസ് കൊടുത്തു. ലീ ഒപ്പിട്ടുവെന്ന് വാദിച്ചു കൊണ്ടുള്ള ഒരു വായ്പാ കരാറും കോടതിക്കു മുന്നിൽ സമർപ്പിച്ചു. എന്നാൽ ലീ ഈ ഒപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലീ തന്നോട് പണം ആവശ്യപ്പെട്ടുവെന്നതിന് വേണ്ടത്ര തെളിവ് നൽകാൻ അഗർവാളിന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രണയകാലത്ത് ഇരുവരും ഒരുപാട് സന്ദേശങ്ങൾ അയച്ചിട്ടുണ്ടെങ്കിലും ഒരു വാട്സാപ്പ് മെസേജിൽ പോലും പണം ആവശ്യപ്പെട്ടതായി കാണുന്നില്ലെന്നും കോടതി പരാമർസിച്ചു. മാത്രമല്ല ലീക്കു വേണ്ടി പണവും സൗകര്യങ്ങളും അഗർവാൾ അങ്ങോട്ട് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി.