
ന്യൂഡൽഹി: 2013ലെ ഐപിഎൽ വാതുവയ്പ്പ് കേസിൽ മലയാളി താരം എസ് ശ്രീശാന്ത് ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടത് നിയമത്തിന്‍റെ അഭാവം മൂലമെന്ന് ഡൽഹി മുൻ കമ്മിഷണർ നീരജ് കുമാർ. ഇന്ത്യൻ കായിക രംഗത്തെ അഴിമതി ഇല്ലാതാക്കാനായുള്ള നിയമങ്ങൾ നിർമിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു. വാതുവയ്പ്പ് കേസിൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടു പോലും ശ്രീശാന്ത് രക്ഷപ്പെട്ടത് അതു മൂലമാണെന്നും അദ്ദേഹം പറയുന്നു.
ഡൽഹിയിൽ 37 വർഷത്തോളമാണ് നീരജ് കുമാർ ഐപിഎസ് ഓഫിസറായി സേവനം അനുഷ്ഠിച്ചത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് വാതുവയ്പ്പ് കേസിൽ ശ്രീശാന്ത് , അജിത് ചാണ്ടില അങ്കിത് ചവാൻ എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ബിസിസിഐ തീരുമാനം പുനരാലോചിക്കാൻ 2019ൽ സുപ്രീം കോടതി വിധിച്ചു. അതേതുടർന്ന് ശിക്ഷ കാലാവധി 7 വർഷമായി കുറച്ചിരുന്നു.
ആ കേസ് എങ്ങുമെത്താൻ സാധ്യതയില്ലായിരുന്നു. കാരണം നിർഭാഗ്യവശാൽ ഇന്ത്യയിൽ കായിക അഴിമതിയെ കൈകാര്യം ചെയ്യാൻ ശക്തമായ നിയമമൊന്നും ഇല്ല. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളിലൊക്കെ കായിക അഴിമതിക്കെതിരേ ശക്തമായ നിയമങ്ങളുണ്ട്. ഐപിഎൽ വാതു വയ്പ്പ് കേസിൽ കോടതി പൊലീസിന്‍റെ നടപടികളെ പ്രശംസിച്ചിരുന്നു. എന്നാൽ നിയമങ്ങളുടെ അഭാവം മൂലം ശിക്ഷ വിധിക്കാൻ സാധ്യമല്ലെന്നും കോടതി അന്നു പരാമർശിച്ചിരുന്നതായി നീരജ് കുമാർ പറഞ്ഞു.
ഇന്ത്യയിൽ 2013 മുതൽ കായിക രംഗത്തെ അഴിമതി തടയാനുള്ള നിയമം കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വാതു വയ്പ്പ് ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ 2018ൽ സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ ബിൽ ഇതു വരെ നടപ്പിലാക്കിയിട്ടില്ല.