

"ബാഹുബലിയെ പോലെ പെരുമാറരുത്"; ബിഹാർ ജഡ്ജിക്ക് സുപ്രീം കോടതിയുടെ താക്കീത്
സുപ്രീം കോടതി - file image
ന്യൂഡൽഹി: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും പിഴയിടുകയും ചെയ്ത ബിഹാർ ജുഡീഷ്യൽ ഓഫിസർക്ക് സുപ്രീം കോടതിയുടെ താക്കീത്. ബാഹുബലിയെ പെരുമാറരുതെന്നാണ് കോടതി പരാമർശിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ്മാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് പരാമർശം. റോഹ്താസ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി IV അനിൽ കുമാറാണ് എസ് പി റോഷൻ കുമാർ ഐപിഎസിനെ ശിക്ഷിച്ചത്. ഒരു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടും അതു ചെയ്തില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ശിക്ഷ.
2026 സെപ്റ്റംബർ 29ന് കോടതിയോട് അനുസരണക്കേട് കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതീകാത്മകമായി ഒരു രൂപ പിഴയും വിധിച്ചു. എസ്പിക്ക് പിഴ വിധിച്ചത് സ്റ്റേ ചെയ്തു കൊണ്ടുള്ള പറ്റ്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് ജുഡീഷ്യൽ ഓഫിസർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചിരുന്നത്.
"നിയമത്തെ നിങ്ങൾ മനസിലാക്കിയിരിക്കുന്നത് എങ്ങനെയാണെന്നത് ഞങ്ങളെ അമ്പരപ്പിക്കുന്നു. കോടതിയിൽ വച്ച് ആരെയെങ്കിലും മർദിക്കുകയോ കോടതിയെ അവഹേളിക്കുകയോ അല്ലെങ്കിൽ ആവശ്യപ്പെട്ടിട്ടും കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തയാറാകാത്തതും കുറ്റകരമാണ്. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതിരിക്കുന്നത് കോടതിക്കു മുന്നിൽ കുറ്റകരമല്ല. പൊലീസ് സൂപ്രണ്ടന്‍റിനോട് ആക്രമണോത്സുകമായാണ് നിങ്ങൾ പെരുമാറിയത്, അദ്ദേഹത്തെ വിളിച്ചു വരുത്തിയ അതേ ദിവസം തന്നെ ശിക്ഷയും നൽകിയെന്നും ജസ്റ്റിസ് ബാഗ്ചി വാക്കാൽ നിരീക്ഷിച്ചു. ബാഹുബലിയെ പോലെ പെരുമാറരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ജുഡീഷ്യൽ ഓഫിസറെ നാഷണൽ ജുഡീഷ്യൽ അക്കാഡമിയിൽ പരിശീലനത്തിനയക്കണമെന്നും കോടതി പറഞ്ഞു.