

"വാർത്ത വായിക്കാറില്ലേ? ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം"; തെരുവുനായ വിഷയത്തിൽ ആഞ്ഞടിച്ച് സുപ്രീം കോടതി
file image
ന്യൂഡൽഹി: തെരുവുനായ്ക്കളെ പിടി കൂടി വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സത്യവാങ്മൂലം സമർപ്പിക്കാത്ത എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ 3ന് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിങ്ങൾ വാർത്തകൾ വായിക്കാറില്ലേ? ഓഗസ്റ്റ് 22ലെ വിധിയുടെ വാർത്തകൾ പുറത്തു വന്നിരുന്നുവല്ലോ, രാജ്യത്തിന്‍റെ പ്രതിച്ഛായ ആഗോള തലത്തിൽ മോശമായിക്കൊണ്ടിരിക്കുകയാണ്. രണ്ടു മാസം സമയം നൽകിയിട്ടും എന്തു കൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചില്ല എന്നും സുപ്രീം കോടതി ചോദിച്ചു.
ബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവർ മാത്രമാണ് മറുപടി ഫയൽ ചെയ്തിരിക്കുന്നത്. ഡൽഹി സർക്കാർ ഇനിയും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന പ്രത്യേക മൂന്നംഗ ബെഞ്ചിന്‍റേതാണ് അസാധാരണ ഉത്തരവ്.
തെരുവുനായ്ക്കൾക്കെതിരേയുള്ള ക്രൂരതയെക്കുറിച്ച് പറയുന്നവർ മനുഷ്യർക്കെതിരേയുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സുപ്രീം കോടതി ചോദിച്ചു.