വിദ്യാർഥിനിയുമായുള്ള സൗഹൃദത്തെച്ചൊല്ലി ജെഎൻയുവിൽ വിദ്യാർഥിക്ക് നേരെ വെട്ടുകത്തി ആക്രമണം; ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി

പ്രതി അടക്കം നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു

Machete attack on a student at JNU

ജെഎൻയുവിൽ വിദ്യാർഥിക്ക് നേരെ വെട്ടുകത്തി ആക്രമണം

Updated on: 

ന്യൂഡൽഹി: വിദ്യാർഥിനിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ വെട്ടുകത്തി ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയുടെ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി. പ്രതി അടക്കം നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു.

നവംബർ അഞ്ചിന് ഉച്ചയ്ക്ക് മൂന്നിന് സർവകലാശാലയിലെ ബരാക് ഹോസ്റ്റലിലെ 119-ാം മുറിയിലാണ് സംഭവം. ഭാഷാ വിഭാഗത്തിൽ രണ്ടാം വർഷ വിദ്യാർഥിയായ സൗരഭിനെയാണ് എംഎ വിദ്യാർഥിയായ അജയ് ആക്രമിച്ചത്. വിദ്യാർഥിനിയുമായുള്ള സൗരഭിന്‍റെ സൗഹൃദത്തെ അജയ് എതിർത്തിരുന്നതായും ഇതേച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

വെട്ടുകത്തി ഉപയോഗിച്ച് സൗരഭിന്‍റെ തലയിലും മുഖത്തും കൈയിലും കണ്ണിലും അജയ് വെട്ടുകയായിരുന്നു. പരുക്കേറ്റ സൗരഭിനെ ഉടൻ എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. വലതുകണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്റ്റർമാർ അറിയിച്ചു. വലതുകണ്ണിനും മൂക്കിനും മുഖത്തും തോളിലും ഗുരുതരമായി പരുക്കേറ്റ സൗരഭിന്‍റെ നിരവധി അസ്ഥികളും ഒടിഞ്ഞു. സൗരഭിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവത്തിൽ പ്രതിയായ അജയ്ക്കും മറ്റ് മൂന്ന് വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്. സൗരഭിന്‍റെ സുഹൃത്തായ വിദ്യാർഥിനിയെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വസന്ത് കുഞ്ച് നോർത്ത് പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അമിത് ഗോയൽ പറഞ്ഞു.

സംഭവത്തെ തുടർന്ന് നാല് വിദ്യാർഥികളെ സർവകലാശാല പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പസിൽ അഭയം നൽകുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി.