

"വിദ്യാർഥികൾ മടങ്ങണം"; സമരം അവസാനിപ്പിച്ച് സിജെപി
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിനു പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കോക്രോച്ചസ് ജനതാ പാർട്ടി(സിജെപി). കേന്ദ്ര മന്ത്രിമാർക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സിജെപി വക്താവ് സൗരവ് ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ, സിജെപി വക്താവ് അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
മൂന്നു തവണയാണ് സർക്കാർ സിജെപിയുമായി ചർച്ചകൾ നടത്തിയത്. കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേയുള്ള എഫ്ഐആറുകൾ എല്ലാം പിൻവലിക്കുമെന്നും ഭാവിയിൽ നിയമനടപടികൾ ഉണ്ടാകില്ല എന്നും സർക്കാർ ഉറപ്പു നൽകി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ പൂർണമായ തീരുമാനമായിട്ടില്ല. ഈ വിഷയത്തിൽ സമ്മർദം തുടരുമെന്നും സിജെപി അറിയിച്ചു. 35 ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിജെപിയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്. സമരത്തിനായി എത്തിയ വിദ്യാർഥികളെല്ലാം തിരിച്ചു പോകണമെന്നും സിജെപി പ്രതിനിധികൾ ആഹ്വാനം ചെയ്തു.