ഐഎസ്ഐ ബന്ധവും ഇന്ത്യാവിരുദ്ധ പ്രവർത്തനവും ആരോപിച്ച് കരിമ്പട്ടികയിൽപ്പെടുത്തിയ ഒസിഐ കാർഡ് ഉടമയ്ക്ക് പ്രവേശനം അനുവദിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

'അദ്ദേഹം ഇന്ത്യയിലെത്തുന്നത് എങ്ങനെ തടയാനാകും?' എന്ന് ചോദിച്ച കോടതി, കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഇന്ത്യയിലെത്താൻ അനുമതി തേടിയുള്ള ഖാസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു
Supreme Court asks Centre to allow entry to OCI cardholder placed on a blacklist

കരിമ്പട്ടികയിൽപ്പെടുത്തിയ ഒസിഐ കാർഡ് ഉടമയ്ക്ക് പ്രവേശനം അനുവദിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

Updated on: 

ന്യൂഡൽഹി: ഐഎസ്ഐ ബന്ധവും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) പദവി റദാക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്ത യുഎസിൽ താമസിക്കുന്ന ഖാലിദ് ജഹാംഗീർ ഖാസിക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. 'അദ്ദേഹം ഇന്ത്യയിലെത്തുന്നത് എങ്ങനെ തടയാനാകും?' എന്ന് ചോദിച്ച കോടതി, കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഇന്ത്യയിലെത്താൻ അനുമതി തേടിയുള്ള ഖാസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഖാസിയുടെ സഹോദരിമാർ താമസിക്കുന്ന പ്രത്യേക നഗരത്തിലേക്ക് മാത്രം യാത്ര അനുവദിക്കുകയും സഞ്ചാരത്തിന് അനുയോജ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യാമെന്ന് കോടതി നിർദേശിച്ചു.

ഖാസിയുടെ പ്രായം പരിഗണിച്ച് മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. അദ്ദേഹത്തിന് 80 വയസിലധികം പ്രായമുണ്ടെന്നാണ് കോടതിയെ അറിയിച്ചിരുന്നത്. ഇടക്കാല ക്രമീകരണത്തിന്‍റെ ഭാഗമായി ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകുന്നത് നിലവിലുള്ള നിയമതർക്കത്തെ മുൻകൂട്ടി സ്വാധീനിക്കില്ലെന്നും ഇരു കക്ഷികൾക്കും കേസിൽ പ്രത്യേക ആനുകൂല്യം നൽകില്ലെന്നും കോടതി വ്യക്തമാക്കി.

ഖാസിയുടെ ഒസിഐ രജിസ്ട്രേഷൻ റദാക്കിയതും കരിമ്പട്ടികയിൽപ്പെടുത്തിയതുമായ കേന്ദ്ര സർക്കാർ ഉത്തരവുകൾ ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് നേരത്തെ റദാക്കിയിരുന്നു. ഈ ഉത്തരവിന് സ്റ്റേ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഖാസിയുടെ പ്രവേശനം എങ്ങനെ തടയാനാകുമെന്ന് ജസ്റ്റിസ് ബാഗ്ചി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഖാസിയുടെ ആവശ്യത്തെ ശക്തമായി എതിർത്തു. കടുത്ത വിഘടനവാദിയെന്നാണ് അദ്ദേഹം ഖാസിയെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്‍റെ ചാരസംഘടനയായ ഐഎസ്ഐയുമായി ഖാസിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം വാദിച്ചു. ബന്ധുക്കളെ സന്ദർശിക്കാനെന്ന പേരിൽ ഇന്ത്യയിലെത്തുന്നത് ഒരു മറ മാത്രമാണെന്നും രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കുടുംബത്തിലെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഖാസി ആദ്യം അനുമതി തേടിയിരുന്നതെന്നും എന്നാൽ ചടങ്ങുകൾ ഇതിനകം കഴിഞ്ഞെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

എന്നാൽ, ഖാസിയുടെ യാത്ര പ്രത്യേക നഗരത്തിൽ മാത്രമായി പരിമിതപ്പെടുത്തുകയും നിശ്ചിത അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുകയും ചെയ്യാമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടയാനും സർക്കാരിന് ആവശ്യമായ റിപ്പോർട്ടിങ് വ്യവസ്ഥകൾ ഏർപ്പെടുത്താനും കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ഖാസിക്ക് 90 വയസിലധികം പ്രായമുണ്ടെന്നാണ് റിപ്പോർട്ടുകളെന്നും ഈ സാഹചര്യത്തിൽ എന്തിനാണ് യാത്ര ചെയ്യുന്നതെന്നും എസ്.വി. രാജു ചോദിച്ചു. എന്നാൽ, സർക്കാരിന്‍റെ സുരക്ഷാ ആശങ്കകൾ കോടതി മനസിലാക്കുന്നുണ്ടെന്നും അതേസമയം അനുകമ്പാപൂർവമായ സമീപനം ആവശ്യമാണെന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.

നിയന്ത്രണങ്ങളോടെ ഖാസിക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കാനാകുമോയെന്ന കാര്യത്തിൽ നിർദേശം തേടാൻ കേന്ദ്രം സമയം ആവശ്യപ്പെട്ടു. തുടർന്ന് സുപ്രീം കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റി.

2024 നവംബറിലാണ് ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഒസിഐ രജിസ്ട്രേഷൻ റദാക്കിയതും കരിമ്പട്ടികയിൽപ്പെടുത്തിയതുമായ ഉത്തരവുകൾ റദാക്കിയത്. ഇതിനെതിരേ കേന്ദ്ര സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ ഇപ്പോഴും പരിഗണനയിലാണ്.