'മിടുക്കനായ കുട്ടിയെ ഉപേക്ഷിക്കാനാകില്ല'; ദളിത് വിദ്യാർഥിയുടെ ഐഐടി പ്രവേശനം ഉറപ്പാക്കി സുപ്രീം കോടതി

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണു സുപ്രീം കോടതിയുടെ നടപടി.
Supreme Court
ദളിത് വിദ്യാർഥിയുടെ ഐഐടി പ്രവേശനം ഉറപ്പാക്കി സുപ്രീം കോടതിfile
Updated on

ന്യൂഡൽഹി: നിശ്ചിത സമയത്തിനുള്ളിൽ ഫീസടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് ഐഐടി പഠനം നിഷേധിക്കപ്പെട്ട ദളിത് ബാലന് രക്ഷാഹസ്തവുമായി സുപ്രീം കോടതി. വിദ്യാർഥിയെ ബിടെക് കോഴ്സിൽ പ്രവേശിപ്പിക്കാൻ ധൻബാദ് ഐഐടി അധികൃതരോട് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മിടുക്കനായ ആൺകുട്ടിയെ വെറുതേ ഉപേക്ഷിക്കാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണു കോടതിയുടെ വിധി.

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണു സുപ്രീം കോടതിയുടെ നടപടി. ഉത്തർപ്രദേശിലെ മുസാഫർനഗറിനു സമീപം തിത്തോറ സ്വദേശി അതുൽ കുമാർ (18) എന്ന വിദ്യാർഥിക്കുവേണ്ടിയാണു പരമോന്നത കോടതി ഇടപെട്ടത്. ദിവസക്കൂലിക്കാരനായ അച്ഛന് ഐഐടിയിലെ ഫീസായ 17500 രൂപ ജൂൺ 24നുള്ളിൽ അടയ്ക്കണമെന്ന നിബന്ധന പാലിക്കാനായില്ല.

ഇതോടെ, വിദ്യാർഥിയുടെ മാതാപിതാക്കൾ ദേശിയ പട്ടികജാതി കമ്മിഷനെയും ഝാർഖണ്ഡ് ലീഗൽ സർവീസസ് അഥോറിറ്റിയെയും മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചു. പ്രവേശന പരീക്ഷ നടത്തിയത് മദ്രാസ് ഐഐടിയായതിനാലായിരുന്നു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പണമടച്ചാൽ വിദ്യാർഥിക്ക് ഇപ്പോൾ ക്ലാസ് ആരംഭിച്ച ബാച്ചിൽ പ്രവേശനം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

Trending

No stories found.

Latest News

No stories found.