സ്വാഭാവിക ജാമ്യം നിഷേധിക്കാൻ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് അംഗീകരിക്കാനാകില്ല; ഇഡിക്കെതിരേ സുപ്രീം കോടതി

റിമാൻഡിൽ തുടരുന്ന പ്രേംപ്രകാശിനെതിരേ കഴിഞ്ഞ ഒന്നിനു നാലാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച ഇഡി അന്വേഷണം പൂർത്തിയായിട്ടില്ലെന്നു വിശദീകരിച്ചപ്പോഴാണ് പരമോന്നത കോടതിയുടെ വിമർശനം
സുപ്രീം കോടതി
സുപ്രീം കോടതി

ന്യൂഡൽഹി: വിചാരണകൂടാതെ ഒരാളെ തടവിൽ പാർപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിനു തുല്യമാണെന്നു സുപ്രീം കോടതി. സ്വാഭാവിക ജാമ്യം നിഷേധിക്കാൻ തുടർച്ചയായി അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഝാർഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ പരാമർശം.

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വിശ്വസ്തൻ പ്രേം പ്രകാശിനെ 2022 ഓഗസ്റ്റ് ഒന്നിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും റിമാൻഡിൽ തുടരുന്ന പ്രേംപ്രകാശിനെതിരേ കഴിഞ്ഞ ഒന്നിനു നാലാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച ഇഡി അന്വേഷണം പൂർത്തിയായിട്ടില്ലെന്നു വിശദീകരിച്ചപ്പോഴാണ് പരമോന്നത കോടതിയുടെ വിമർശനം.

അന്വേഷണം പൂർത്തിയാകാതെ ഒരാളെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു കോടതി വ്യക്തമാക്കി. വിചാരണയില്ലാതെ ഒരാളെ അനിശ്ചിതമായി തടവിൽ പാർപ്പിക്കാനാവില്ല. അതു വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിനു തുല്യമാണ്.

അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ പേരിൽ സ്വാഭാവിക ജാമ്യം നിഷേധിക്കാനുമാവില്ല. അന്വേഷണം പൂർത്തിയാകാത്തതിനാൽ വിചാരണ തുടങ്ങരുതെന്നാണ് നിങ്ങൾ ഓരോ തവണയും പറയുന്നത്. 18 മാസമായി കുറ്റാരോപിതൻ ജയിലിലാണ്. ഓരോ അനുബന്ധ കുറ്റപത്രവും ജാമ്യം വൈകിക്കാൻ ഇടയാക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വകുപ്പുകൾ പോലും ദീർഘകാല തടവിന്‍റെ പേരിൽ ജാമ്യം അനുവദിക്കുന്നതിനെ തടയുന്നില്ല. മനീഷ് സിസോദിയ പ്രതിയായ ഡൽഹി മദ്യനയ അഴിമതിക്കേസിലും ഇക്കാര്യം കോടതി വ്യക്തമാക്കിയിരുന്നെന്നു ജസ്റ്റിസ് ഖന്ന പറഞ്ഞു.

പ്രതി സമൂഹത്തിൽ ശക്തനാണെന്നും സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്യാമെന്നും ഇഡി പറഞ്ഞു. കോടതി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ ഒരു മാസം സമയം ആവശ്യപ്പെട്ട അഡീഷൻ സോളിസിറ്റർ ജനറലിന് കോടതി ഏപ്രിൽ 29 വരെ സാവകാശം അനുവദിച്ചു. അന്നു കേസ് പരിഗണിക്കുമെന്നും അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com