എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ജൂലൈ 30ന് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെ സര്‍വകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
Supreme Court
Supreme Court

ന്യൂഡല്‍ഹി: ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അറസ്റ്റിന് ഉത്തരവിടേണ്ടി വരുമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ദേശം പാലിക്കാത്തതിനാലാണ് സുപ്രീം കോടതി നടപടി. ജൂലൈ 30ന് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെ സര്‍വകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സിപിഎഎസിന് വേണ്ടി എംജി സര്‍വകലാശാലയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്പളവും അനൂകൂല്യങ്ങളും നാലാഴ്ചയ്ക്കുള്ളില്‍ നല്കണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിനാലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് രൂക്ഷവിമര്‍ശനം നടത്തിയത്. സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും കോടതിയലക്ഷ്യം നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

സര്‍വകലാശാലയ്ക്ക് കീഴിയിലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ സിപാസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് സ്ഥിരം ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാരെ സര്‍വകലാശാല പിരിച്ചുവിട്ടിരുന്നു. ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ പിരിച്ചുവിടല്‍ റദ്ദാക്കുകയും ജീവനക്കാരെ പഴയ തസ്തികകളില്‍ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പിരിച്ചുവിടല്‍ കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി ഉത്തരവ് നിലവില്‍വന്ന 2019 വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയെന്നായിരുന്നു എംജി സര്‍വകലാശാലയുടെയും സിപിഎഎസിന്‍റെയും വാദം. എന്നാല്‍, പിരിച്ചുവിടല്‍ 2022 സെപ്റ്റംബറിലായിരുന്നുവെന്നും അതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു ജീവനക്കാരുടെ വാദം. ഈ വാദം അംഗീകരിച്ച കോടതി 2022 സെപ്റ്റംബര്‍ വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചു. മറ്റുജോലികളില്‍ ഏര്‍പ്പെടാത്ത കാലയളവിലുള്ള ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമാണ് ജീവനക്കാര്‍ക്ക് അര്‍ഹതയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വകലാശാലയാണ് സാമ്പത്തിക സഹായം കൈമാറേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്, രജിസ്ട്രാര്‍ ബി. പ്രകാശ് കുമാര്‍, പ്രോ-വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദ് കുമാര്‍, സിപിഎഎസ് ഡയറക്റ്റര്‍ പി. ഹരികൃഷ്ണന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം രജി സക്കറിയ എന്നിവര്‍ ജൂലൈ 30ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ജീവനക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരായ ആര്‍. ബസന്ത്, ജയന്ത് മുത്തുരാജ്, പി.എന്‍. രവീന്ദ്രന്‍, അഭിഭാഷകരായ കാളീശ്വരം രാജ്, ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി. എംജി സര്‍വകലാശാലയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി, നിധീഷ് ഗുപ്ത, പി.എന്‍. മിശ്ര, അഭിഭാഷക സാക്ഷി കക്കര്‍ എന്നിവരും സിപിഎഎസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവരും ഹാജരായി

Trending

No stories found.

Latest News

No stories found.