

"കാമമല്ല, പ്രണയമായിരുന്നു"; അതിജീവിതയെ വിവാഹം ചെയ്ത പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി
file image
ന്യൂഡൽഹി: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി. പൂർണമായ നീതി നടപ്പിലാക്കുന്നതിനായി ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ്മാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. കേസുമായി ബന്ധപ്പെട്ട സവിശേഷമായ വസ്തുകകളും സാഹചര്യവും അനുകമ്പ അർഹിക്കുന്നുവെന്നാണ് ബെഞ്ചിന്‍റെ പരാമർശം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിനു ഇരയാക്കിയെന്ന പരാതിയിൽ പോക്സോ ആക്റ്റഅ സെക്ഷൻ 6 പ്രകാരം അഞ്ച് വർഷം മുൻപ് പ്രതിയെ 10 വർഷം കഠിനതടവിന് വിധിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂല വിധി ലഭിക്കാഞഅഞതിനെത്തുടർന്നാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
2021 സെപ്റ്റംബറിലാണ് മദ്രാസ് ഹൈക്കോടതി അപ്പീൽ തള്ളിയത്. 2021 മേയിൽ ശിക്ഷിക്കപ്പെട്ടയാളും അതിജീവിതയും തമ്മിൽ വിവാഹിതരായി. ഇരുവർക്കും ഒന്നര വയസുള്ള മകനുമുണ്ട്. ഭർത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് അതിജീവിത സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി അസാധാരണമായ നടപടി സ്വീകരിച്ചത്. കുറ്റകൃത്യത്തിന്‍റെ കാരണം കാമമല്ല പ്രണയമായിരുന്നുവെന്നും ബെഞ്ച് വിലയിരുത്തി. കുറ്റകൃത്യം ഒരു വ്യക്തിയോടല്ല, സമൂഹത്തിനു നേരെ ചെയ്യുന്ന തെറ്റാണെന്ന് കോടതി തിരിച്ചറിയുന്നു. അതേ സമയം ക്രിമിനൽ നിയമങ്ങൾക്ക് ഒരിക്കലും പ്രായോഗികമായ യാഥാർഥ്യങ്ങളിൽ നിന്ന് വേറിട്ട് നിൽക്കാനുമായില്ല. നീതി നടപ്പാക്കുന്നതിന് സൂക്ഷ്മമായ സമീപനം ആവശ്യമാണ്.
കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടി അപ്പീൽ നൽകിയിരിക്കുന്ന വ്യക്തിയുമായി ഒരുമിച്ചുള്ള സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ക്രിമിനൽ നടപടികൾ തുടരുന്നതും അപ്പീൽ നൽകിയ വ്യക്തിയെ ജയിലിലടയ്ക്കുന്നതും ഈ കുടുംബത്തെ തകർക്കുന്നതിനു തുല്യമായിരിക്കുമെന്നു മാത്രമല്ല ഇരയ്ക്കും, അവരുടെ കുഞ്ഞിനും, സമൂഹത്തിന്‍റെഘടനയ്ക്കും ദോഷം വരുത്തുകയും ചെയ്യും എന്നും കോടതി നിരീക്ഷിച്ചു. ഈ വിധിയെ ഒരിക്കലും കീഴ്വഴക്കമായി കണക്കാക്കരുതെന്നും അസാധാരണ സാഹചര്യത്തിൽ മാത്രമാണ് വിധി പുറപ്പെടുവിക്കേണ്ടി വന്നതും കോടതി കൂട്ടിച്ചേർത്തു.