

എച്ച്പിവി വാക്സിനേഷൻ ക്യാംപയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികളിൽ സെർവിക്കൽ ക്യാൻസർ തടയുന്നതിനായി സർക്കാർ രാജ്യവ്യാപകമായി നടപ്പാക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിനേഷൻ ക്യാംപയിനെതിരേ ഉയർന്ന ആശങ്കകൾ ചൂണ്ടിക്കാട്ടിയ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.
വാക്സിനേഷൻ പദ്ധതി തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോടതി വാക്കാൽ പറഞ്ഞു. വാക്സിനേഷൻ സംബന്ധിച്ച് തെറ്റായ നടപടിയുണ്ടായാൽ സാധാരണ നഷ്ടപരിഹാര നിയമങ്ങൾ ബാധകമാകുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാരൻ വാക്സിനേഷനെ എതിർക്കുന്നില്ലെന്നും വാക്സിനേഷൻ നടപ്പാക്കുന്ന രീതിയും വാക്സിനേഷനെ തുടർന്നുണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും നഷ്ടപരിഹാര പദ്ധതിയുമാണ് ചോദ്യം ചെയ്യുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. തുടർന്ന് ഹർജി പിൻവലിച്ചതായി കണക്കാക്കി കേസ് അവസാനിപ്പിച്ചു.
യൂണിവേഴ്സൽ ഹെൽത്ത് ഓർഗനൈസേഷൻ സമർപ്പിച്ച ഹർജിയിലാണ് വാദം കേട്ടത്. സർക്കാർ പിന്തുണയോടെ നടപ്പാക്കുന്ന എച്ച്പിവി വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യം, സുതാര്യത, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച ഭരണഘടനാപരമായ ഉറപ്പുകൾ ലംഘിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം.
ഫെബ്രുവരി 28ന് രാജസ്ഥാനിലെ അജ്മീറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 14 വയസുള്ള പെൺകുട്ടികൾക്കായുള്ള രാജ്യവ്യാപക എച്ച്പിവി വാക്സിനേഷൻ ക്യാംപയിൻ ആരംഭിച്ചത്.
ക്യാംപയിനിൽ ഒറ്റ ഡോസ് ഗാർഡാസിൽ 4 വാക്സിനാണ് ഉപയോഗിക്കുന്നത്. ക്വാഡ്രിവാലന്‍റ് എച്ച്പിവി വാക്സിനായ ഇത് സെർവിക്കൽ ക്യാൻസറിന് പ്രധാനമായും കാരണമാകുന്ന എച്ച്പിവി 16, 18, 6, 11 എന്നീ വകഭേദങ്ങൾക്കെതിരേ സംരക്ഷണം നൽകുന്നു.