സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

എല്ലാ വിഭാഗങ്ങളും സമാധാനപരമായും നിയമപരമായ ചട്ടക്കൂടിനുള്ളിലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി
Supreme Court says CJP march on September 5 cannot be stopped.

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി

Updated on

ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ മാർച്ചിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. മാർച്ചുമായി ബന്ധപ്പെട്ട ക്രമസമാധാന നടപടികളിൽ കേന്ദ്ര-ഡൽഹി സർക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളും സമാധാനപരമായും നിയമപരമായ ചട്ടക്കൂടിനുള്ളിലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

നിർദിഷ്ട മാർച്ച് അക്രമാസക്തമാകുമെന്ന് കരുതാൻ നിലവിൽ “നിർബന്ധിത സാഹചര്യങ്ങളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവരും സമാധാനപരമായും നിയമാനുസൃതമായും പെരുമാറുമെന്ന് സംശയിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ല്യൂട്ടൻസ് ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സെൻട്രൽ വിസ്ത തുടങ്ങിയ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ വലിയ തോതിലുള്ള പൊതുസമ്മേളനങ്ങൾക്കും മാർച്ചുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ശിവം ഉപാധ്യായും വിരമിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്ര സിങ്ങും ആണ് ഹർജി നൽകിയത്.

സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാൽ സെപ്റ്റംബർ അഞ്ചിലെ മാർച്ച് മാറ്റിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മാർച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരുടെ അഭിഭാഷകൻ, ഇത്തരം പരിപാടികൾ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് വാദിച്ചു.

എന്നാൽ ക്രമസമാധാനം സംബന്ധിച്ച വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നിയമപരവും നിയമവ്യവസ്ഥയ്ക്ക് പുറത്തുള്ളതുമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ക്രമസമാധാന സംവിധാനമാണെന്ന് ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര-ഡൽഹി സർക്കാരുകൾ നിയമപരമായും യുക്തിസഹമായും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

സാഹചര്യം ഗുരുതരമാകുകയോ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, വിഷയം കോടതിയുടെ അധികാരപരിധിയിൽ വരുന്നതാണെങ്കിൽ സെപ്റ്റംബർ മൂന്നിനോ നാലിനോ വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24നാണ് സിജെപി മാർച്ച് പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങളും ജൂലൈ 20ലെ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നേരിട്ടവരും മാർച്ചിൽ പങ്കെടുക്കും. ജൂലൈ 25ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതിന്‍റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിന് ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com