ഡൽഹിയിൽ മെട്രൊ സ്റ്റേഷനുകൾ പൂർണമായി അടച്ചിടാൻ ആകില്ലെന്ന് സുപ്രീം കോടതി

ഈച്ചയെ കൊല്ലാൻ വേണ്ടി ചുറ്റിക ഉപയോഗിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
Supreme Court says Delhi metro stations cannot be completely shut down

ഡൽഹിയിൽ മെട്രൊ സ്റ്റേഷനുകൾ പൂർണമായി അടച്ചിടാൻ ആകില്ലെന്ന് സുപ്രീം കോടതി

Updated on: 

ന്യൂഡൽഹി: സിജെപി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി. മെട്രൊറെയിൽ ഗതാഗതം പൂർണമായി തടയരുതെന്നും ട്രെയിൻ സർവീസുകൾ തടയരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പൊതുഗതാഗതത്തെ ബാധിക്കരുത്. നിയന്ത്രണമേർപ്പെടുത്തുന്നതും പൂർണമായി റദ്ദാക്കുന്നതും രണ്ടും രണ്ടാണ്. നിങ്ങൾക്ക് ഒന്നും പൂർണമായി തടയാൻ ആകില്ല. ഈച്ചയെ കൊല്ലാൻ വേണ്ടി ചുറ്റിക ഉപയോഗിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹിയിലെ മെട്രൊ സ്റ്റേഷനുകൾ പൂർണമായി അടച്ചിടാൻ ആകില്ല. അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കണം. ഉപജീവനത്തിനായി നിരവധി പേരാണ് മെട്രൊയിൽ യാത്ര ചെയ്യുന്നത്.

സ്വന്തമായി കാറുള്ളവരല്ല എല്ലാവരും. ജനങ്ങൾ യാത്രയ്ക്ക് പൊതുഗതാഗതം ആണ് ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പു നൽകിയിട്ടുണ്ട്.

സിജെപി പ്രക്ഷോഭത്തിനു തടയിടാനായി ഡൽഹിയിലെ മെട്രൊ സ്റ്റേഷനുകൾ അടക്കാനുള്ള നീക്കത്തിനെതിരേ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് സിജെപിയും വിദ്യാർഥി സംഘടനകളും സംയുക്തമായി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭത്തെ ഇല്ലാതാക്കുന്നതിനായി ഡൽഹി മുഴുവൻ അടച്ചിടാനാണ് നീക്കമെന്നും അത് പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണെന്നും എം.എ. ബേബിക്കു വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

57 മെട്രൊ സ്റ്റേഷനുകൾ അടച്ചിടാനും ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കാനുമാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. മുതിർന്ന അഭിഭ‍ാഷകരായ അഭിഷേക് സിഗ്വി, പ്രശാന്ത് ഭൂഷൺ എന്നിവരും കോടതിയോട് വിഷയം പരിഗണിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പൊലീസിന് ക്രമസമാധാനം ഉറപ്പാക്കാൻ പാലിക്കില്ലെന്ന കാരണം കൊണ്ട് നഗരം മുഴുവൻ അടച്ചിടാൻ സാധിക്കില്ലെന്നും അഭിഭാഷകർ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ്മാരായ ജോയ്മല്യ ബാഗ്ചി,വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

logo
Metro Vaartha
www.metrovaartha.com