
മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര; പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
file image
ന്യൂഡൽഹി: 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്ത 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം തീർപ്പുകൽപ്പിക്കാത്ത നിരവധി വിചാരണകളെ വിധി പ്രതികൂലമായി ബാധിക്കുമെന്ന മഹാരാഷ്ട്ര സർക്കാരിന്‍റെ ആശങ്ക കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി.
അതേസമയം, വിധിയെ തുടർന്ന് ഈ ആഴ്ച ആദ്യം കുറ്റവിമുക്തരാക്കിയ 12 പ്രതികളെയും ഇതിനകം തന്നെ വിട്ടയച്ചതിനാൽ, അവരുടെ മോചനം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസിന്‍റെ നാൾ വഴികൾ
നീണ്ട അന്വേഷണത്തിനു ശേഷം 14 പേരെ അറസ്റ്റ് ചെയ്ത് MCOCA പ്രകാരം വിചാരണ ചെയ്തു. 2015 സെപ്റ്റംബർ 30 ന് പ്രത്യേക കോടതി അഞ്ച് പേരെ (കമാൽ അഹമ്മദ് മുഹമ്മദ് വക്കീൽ അൻസാരി, മുഹമ്മദ് ഫൈസൽ അതൗർ റഹ്മാൻ ഷെയ്ഖ്, എഹ്തിഷാം ഖുതുബുദ്ദീൻ സിദ്ദിഖ്, നവീദ് ഹുസൈൻ ഖാൻ റഷീദ് ഹുസൈൻ ഖാൻ, ആസിഫ് ഖാൻ ബഷീർ ഖാൻ) വധശിക്ഷയ്ക്ക് വിധിച്ചു.
മറ്റ് ഏഴ് പേർക്ക് (തൻവീർ അഹമ്മദ്, മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മർഗബ് അൻസാരി, മുസമ്മിൽ അതൗർ റഹ്മാൻ ഷെയ്ഖ്, സുഹൈൽ മെഹ്മൂദ് ഷെയ്ഖ്, സമീർ അഹമ്മദ് ലത്തീഫുർ റഹ്മാൻ ഷെയ്ഖ്) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2015 ലെ വിചാരണയ്ക്കിടെ ഒരു പ്രതിയെ (അബ്ദുൾ വാഹിദ് ദിൻ മുഹമ്മദ് ഷെയ്ഖ്) കുറ്റവിമുക്തനാക്കി. 13 പ്രതികളിൽ ഒരാൾ അപ്പീലിൽ വിധി കാത്തിരിക്കുന്നതിനിടെ മരിച്ചു. ബാക്കി 12 പേരാണ് ശേഷിച്ചിരുന്നത്.
സ്ഫോടന പരമ്പര ഇങ്ങനെ...
2006 ജൂലൈ 11 ന് വൈകുന്നേരം, ആയിരത്തോളം പേരുടെ ജീവിതത്തെ ബാധിച്ച ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നിന് മുംബൈ സാക്ഷ്യം വഹിച്ചു. വെസ്റ്റേൺ ലൈനിൽ സബർബൻ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്‍റുകളിൽ വൈകുന്നേരം 6.23 നും 6.28 നും ഇടയിൽ ഏഴ് ബോംബുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചു.
മാഹിം, ബാന്ദ്ര, മിറ റോഡ് എന്നിവിടങ്ങളിൽ വൈകുന്നേരം കൃത്യം 6.23 ന് ആദ്യ സ്ഫോടനങ്ങൾ നടന്നു. ബോറിവാലിയിൽ വൈകുന്നേരം 6.28 ന് അവസാന സ്ഫോടനം നടന്നു. ലോക്കൽ ട്രെയിനുകളിൽ കുക്കറുകളിലാക്കിയ നിലയിലാണ് ബോംബുകൾ വച്ചിരുന്നത്.
സ്ഫോടനങ്ങളുടെ ശക്തിയിൽ സ്റ്റീൽ കമ്പാർട്ടുമെന്‍റുകൾ കീറിമുറിച്ച് മൃതദേഹങ്ങൾ ട്രാക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും വീണു. ആകെ 187 പേർ കൊല്ലപ്പെടുകയും 829 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാഹിമിലും ബോറിവാലിലും ട്രെയിനിനുള്ളിലെ യാത്രക്കാർ മാത്രമല്ല, പ്ലാറ്റ്‌ഫോമുകളിലും ചർച്ച്‌ഗേറ്റിലേക്ക് പോകുന്ന ട്രെയിനുകളിലും നിൽക്കുന്നവരും കൊല്ലപ്പെട്ടു.