

അജിത്, വിജയ്
ലണ്ടൻ: ബ്രിട്ടനിലെ സിൽവർസ്റ്റോണിൽ നടക്കുന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പച്ചക്കൊടി വീശും. സെപ്റ്റംബർ 12ന് നടക്കുന്ന 2026 സീസണിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ പ്രത്യേക അതിഥിയായാണ് വിജയ് പങ്കെടുക്കുന്നത്. ഇന്ത്യൻ ഡ്രൈവർമാരെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം.
44 കാറുകൾ അണിനിരക്കുന്ന മത്സരത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതും വിജയ് ആയിരിക്കുമെന്ന് മിഷെലിൻ ലെ മാൻസ് കപ്പ് അധികൃതർ അറിയിച്ചു. സിൽവർസ്റ്റോണിലെ 5.891 കിലോമീറ്റർ ഗ്രാൻഡ് പ്രിക്സ് സർക്യൂട്ടിലാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മത്സരം നടക്കുക. 2026 സീസൺ ഒക്റ്റോബറിൽ പോർച്ചുഗലിലെ പോർട്ടിമാവോയിൽ അവസാനിക്കും.
നടനും റേസറുമായ അജിത് കുമാർ എൽഎംപി3 പ്രോ/ആം വിഭാഗത്തിലാണ് മത്സരിക്കുന്നത്. അജിത് റെഡ് ആന്‍റ് ബൈ വിരാജ് ടീമിനായി ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്നിയാക്കിനൊപ്പം ലിജിയർ ജെഎസ് പി325-ടൊയോട്ട പ്രോട്ടോടൈപ്പിലാണ് അജിത് മത്സരിക്കുക. മുൻ ഫോർമുല വൺ ഡ്രൈവർ നരേൻ കാർത്തികേയനും ആദിത്യ പട്ടേലും അജിത് റെഡ് ആന്‍റ് റേസിങ്ങിനായി എൽഎംപി3 വിഭാഗത്തിൽ ഇന്ത്യൻ കൂട്ടുകെട്ടായി മത്സരിക്കും.
2016ൽ ആരംഭിച്ച മിഷെലിൻ ലെ മാൻസ് കപ്പ് യൂറോപ്യൻ ലെ മാൻസ് സീരീസിലും 24 അവേഴ്സ് ഓഫ് ലെ മാൻസിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്കും ടീമുകൾക്കുമുള്ള എൻഡുറൻസ് റേസിങ് ചാമ്പ്യൻഷിപ്പാണ്.