വൈകാരികം: നഗ്നപാദനായി എംഎൽഎയുടെ മൃതദേഹം തോളിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Video

ദീർഘകാലമായി അസുഖബാധിതനായിരുന്ന വി.എസ്. ബാബു വ്യാഴാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു
tamil nadu cm vijay barefoot vs babu funeral

നഗ്നപാദനായി എംഎൽഎയുടെ മൃതദേഹം തോളിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Updated on: 

ചെന്നൈ: പദവികളും പ്രോട്ടോകോളും മറികടന്ന് തന്‍റെ പ്രിയ സഹപ്രവർത്തകന്‍റെ മൃതദേഹം തോളിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. അന്തരിച്ച കൊളത്തൂർ എംഎൽഎയും തമിഴ് വെട്രി കഴകം നേതാവുമായ വി.എസ്. ബാബുവിന്‍റെ അന്ത്യയാത്രയിലാണ് തമിഴകത്തെ വികാരഭരിതമാക്കി‍യ സംഭവങ്ങൾ അരങ്ങേറിയത്. ചെരുപ്പു പോലും ധരിക്കാതെ നഗ്നപാദനായി വിജയ് വി.എസ്. ബാബുവിന്‍റെ മൃതദേഹം തോളിലേറ്റുകയായിരുന്നു.

വെള്ളിയാഴ്ച പെരമ്പൂരിൽ നിന്നായിരുന്നു ബാബുവിന്‍റെ വിലാപയാത്ര ആരംഭിച്ചത്. പാർട്ടി പതാകയും പുതപ്പിച്ച് മൃതദേഹം പുറത്തേക്കെടുത്തപ്പോൾ മറ്റ് പ്രവർത്തകർക്കൊപ്പം മുന്നോട്ട് വന്ന വിജയ് മൃതദേഹം തോളിലേറ്റുകയായിരുന്നു. തുടർന്ന് പൂക്കളാൽ അലങ്കരിച്ച വാഹനത്തിൽ മൃതദേഹം കയറ്റിയ ശേഷം, തിരു വി.ക. നഗറിലെ പല്ലവൻ ശാലൈ ശ്മശാനം വരെ 2.3 കിലോമീറ്റർ വിജയ് നഗ്നപാദനായി വിലാപയാത്ര‍‌യ്‌ക്കൊപ്പം നടന്നു. യാത്രയിലുടനീളം വികാരഭരിതനായാണ് വിജയ്‌യെ കാണപ്പെട്ടത്.

ദീർഘകാലമായി അസുഖബാധിതനായിരുന്ന വി.എസ്. ബാബു വ്യാഴാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവായിരുന്നു വി.എസ്. ബാബു.

ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പാർട്ടിയുടെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2006ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്നു ബാബു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന്‍റെ വിജയത്തിന് ബാബു നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ 2011ന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് കുറച്ചുകാലം മാറി നിന്ന ബാബു 2016ൽ എഐഎഡിഎംകെയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യുടെ സാന്നിധ്യത്തിൽ ടിവികെയിൽ ചേർന്നത്.