"പുതിയ പ്രണയമായോ‍? എത്ര ആണുങ്ങളുമായി ബന്ധമുണ്ട്?": മുൻ കാമുകിയെക്കുറിച്ചറിയാൻ വിവരാവകാശത്തിലൂടെ ചോദിച്ചത് 1887 ചോദ്യങ്ങൾ

മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്മിഷൻ
tamilnadu man 1887 questions asked through RTI to find out about ex-girlfriend

"പുതിയ പ്രണയമായോ‍? എത്ര ആണുങ്ങളുമായി ബന്ധമുണ്ട്?": മുൻ കാമുകിയെക്കുറിച്ചറിയാൻ വിവരാവകാശത്തിലൂടെ ചോദിച്ചത് 1887 ചോദ്യങ്ങൾ

Updated on: 

ചെന്നൈ: മുൻ കാമുകിയുടെ സ്വകാര്യ വിവരങ്ങൾ വിവരാവകശ നിയമപ്രകാരം ചോദിച്ച യുവാവിനെതിരേ വിമർശനവുമായി കമ്മിഷൻ. തമിഴ്നാട് വിഴുപുറം സ്വദേശിയായ എ സന്തോഷാണ് മുൻ കാമുകിയെക്കുറിച്ച് ആർടിഐ നിയമപ്രകാരം ചോദിച്ചത്. 97 അപേക്ഷകളിലായി 1887 ചോദ്യങ്ങളാണ് ഇയാൾ ചോദിച്ചത്. ഹർജികൾ വിവരാവകാശ കമ്മിഷണർ വി.പി.ആർ. ഇളംപരിതി തള്ളി.

മുൻ കാമുകി വിവാഹിതയായോ? കാമുകനുണ്ടോ? എവിടെയാണ് താമസിക്കുന്നത്? എത്ര പുരുഷന്മാരുമായി ബന്ധമുണ്ട്? എന്നിങ്ങനെയുള്ള സ്വകാര്യമായ കാര്യങ്ങളാണ് ഇയാൾ വിവരാവകാശത്തിലൂടെ ചോദിച്ചത്. ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും അപേക്ഷ നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സന്തോഷ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

സന്തോഷ് സഹപാഠിയുമായി പ്രണയത്തിലായിരുന്നെന്നും കോളെജ് പഠനം കഴിഞ്ഞതോടെ ഇരുവരും വേർപിരിഞ്ഞെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു. സന്തോഷ് ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും പെൺകുട്ടിയെ ശല്യം ചെയ്തതിനെ തുടർന്ന് 2025 ജൂണിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സന്തോഷിനെതിരെ പെൺകുട്ടി പീഡന പരാതിയും നൽകിയിട്ടുണ്ടെന്ന് പൊലീസ് കമ്മിഷനെ അറിയിച്ചു. പരാതിയുടെ പകർപ്പും കൈമാറി. വിവരാവകാശ നിയമം എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഹർജിയെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തെ അവഹേളിക്കുന്ന തരത്തിൽ ഇത്തരം ഹർജികൾ സമർപ്പിച്ചാൽ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്മിഷൻ പറഞ്ഞു.