

വിസിൽ മുഴക്കി വിജയ് വസന്തം
മഞ്ജു സോമൻ
വർഷങ്ങളോളം നമ്മൾ വിജയ്‌യെ കണ്ടത് രക്ഷകന്‍റെ വേഷത്തിലാണ്. രക്ഷകനായി എത്തി തമിഴ് ജനതയെ രക്ഷിക്കുന്ന നായകൻ. അവസാനം സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചപ്പോഴും, പാർട്ടി റാലിയിൽ 41 പേർ മരിച്ചുവീണപ്പോൾ പോലും ഈ രക്ഷക പരിവേഷം അദ്ദേഹത്തിനു കൈമോശം വന്നില്ല! ഇപ്പോഴിതാ ഗംഭീര ക്ലൈമാക്സോടെ തമിഴ്നാടിന്‍റെ നായകനായി മാറുകയാണ് വിജയ്. ഇനി ദളപതി വിജയ് അല്ല, തമിഴ്നാടിന്‍റെ പുരട്ചിതലൈവർ ജോസഫ് വിജയ് ചന്ദ്രശേഖർ. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും താൻ സൂപ്പർസ്റ്റാർ തന്നെയെന്നു തെളിയിച്ചിരിക്കുകയാണ് വിജയ്.
രണ്ട് വർഷം മുൻപാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിക്ക് വിജയ് തുടക്കമിടുന്നത്. സിനിമ ഉപേക്ഷിക്കുകയാണെന്ന വിജയ്‌യുടെ പ്രഖ്യാപനം ആരാധകരെ ഒന്നാകെ ഞെട്ടിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ടിവികെ മത്സരരംഗത്തുണ്ടാകുമെന്നു പറഞ്ഞപ്പോൾ പലരും അതൊരു തെറ്റായ തീരുമാനമായിരിക്കും എന്നാണ് ആദ്യം വിലയിരുത്തിയത്. തെന്നിന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായകൻ എന്തിനു രാഷ്ട്രീയത്തിലിറങ്ങണം എന്നായിരുന്നു പലരുടെയും ചോദ്യം. പക്ഷേ, തന്‍റെ രസികർ മൺട്രങ്ങളുടെ (ഫാൻസ് അസോസിയേഷൻ) ശക്തി മറ്റാരെക്കാളും നന്നായി വിജയ്ക്ക് അറിയാമായിരുന്നു. ആ ശക്തിയിലാണ് തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ മാറിയതും.
രണ്ട് വർഷം മുൻപ് രൂപീകരിച്ച ഒരു പാർട്ടി. അതിൽ മത്സരിക്കുന്നവർക്ക് ഒറ്റ വ്യക്തിത്വമേ ഉണ്ടായിരുന്നുള്ളൂ. അത് രാഷ്ട്രീയക്കാരോ സാമൂഹിക പ്രവർത്തകരോ എന്നതൊന്നുമല്ല വിജയ് രസികർ, അഥവാ ഫാൻസ് എന്നതു മാത്രമാണ്. അങ്ങനെ ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുമോ എന്നു ചോദിച്ചാൽ തമിഴ്നാട്ടുകാർക്ക് അതൊക്കെ പറ്റും എന്നാണ് ഉത്തരം. കാരണം, ടിവികെ സ്ഥാനാർഥികൾക്ക് ലഭിച്ചതെല്ലാം വിജയ്‌ക്കുള്ള വോട്ടുകളായിരുന്നു. വിജയ്‌യെ മുഖ്യമന്ത്രിയായി കാണാൻ വേണ്ടിയുള്ള വോട്ടുകൾ.
മാസ് എൻട്രി
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളോടെയായിരുന്നു വിജയ്‌യുടെ രാഷ്ട്രീയപ്രവേശനവും തെരഞ്ഞെടുപ്പ് പ്രചാരണവുമെല്ലാം. ഒരു മാസ് മസാല സിനിമയ്ക്കു വേണ്ട എല്ലാം ചേരുവകളും ഉൾപ്പെട്ട മാസ് എൻട്രി. വിജയ്‌യുടെ ഭാര്യ നൽകിയ വിവാഹമോചന ഹർജി മുതൽ നടി തൃഷയുമായുള്ള വിവാഹേതര ബന്ധ ആരോപണം പോലും വലിയ ചർച്ചയായി. കൂടാതെ കരൂരിൽ വിജയ്‌യുടെ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത് താരത്തിനു വലിയ തിരിച്ചടിയായിരുന്നു. പക്ഷേ, ആഴ്ചകൾക്കുള്ളിൽ വിജയ് വീണ്ടും സജീവമായതോടെ ആരാധകർ എല്ലാം മറന്നു. വിജയ് വീണ്ടും അവർക്ക് രക്ഷകനായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിജയ് നടത്തിയ ടിവികെ റാലികളിൽ വലിയ ജനപിന്തുണയുണ്ടായി. എന്നാൽ, നടനായ വിജയ്‌യെ കാണാൻ വരുന്നവരാണ് ഇതെന്നും ആൾക്കൂട്ടം വോട്ടാകില്ലെന്നുമായിരുന്നു മറ്റു പാർട്ടി നേതാക്കളുടെ വിശ്വാസം. പക്ഷേ, അവർക്കു തെറ്റിയെന്നു തെളിയിക്കുന്നതാണ് തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.
ടിവികെയുടെ തുടക്കം
2009ലാണ് വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ഫാൻ ക്ലബ് തുടങ്ങുന്നത്. 2011ൽ അണ്ണാ ഡിഎംകെയ്ക്ക് വിജയ് മക്കൾ ഇയക്കം പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് വർഷങ്ങളോളം രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ച സംഘടന 2021ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 169 സീറ്റുകളിൽ മത്സരിച്ചതിൽ 115 സീറ്റുകളിൽ വിജയിക്കാൻ ഇവർക്കായി. ഈ സമയത്താണ് വിജയ് രാഷ്ട്രീയ പ്രസ്താവനകൾ ഇറക്കുന്നത്.
പൗരത്വ നിയമത്തിന് എതിരായ താരത്തിന്‍റെ നിലപാട് വലിയ വാർത്തയായിരുന്നു. കൂടാതെ തന്‍റെ സിനിമകളെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ടൂളായാണ് വിജയ് ഉപയോഗിച്ചത്. സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്കെതിരേ താരം പല സിനിമകളിലും ശബ്ദമുയർത്തിയിട്ടുണ്ട്. കൂടാതെ സിനിമയുടെ പ്രമോഷൻ ചടങ്ങുകളിലെ പ്രസംഗങ്ങളിലൂടെ ആരാധകരുടെ കൈയടി നേടാനും താരത്തിനായി.
എംജിആറിന്‍റെ പിൻഗാമി
1977ൽ ഫോർട്ട് സെന്‍റ് ജോർജിൽ മത്സരിച്ചു ജയിച്ചാണ് എം.ജി. രാമചന്ദ്രൻ എന്ന മക്കൾ തിലകം എംജിആർ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാവുന്നത്. എം. കരുണാനിധി ഉൾപ്പെടെ സിനിമാ ബന്ധമുള്ള രാഷ്ട്രീയക്കാർ ഏറെയായിരുന്നെങ്കിലും, സിനിമയിൽ സൂപ്പർതാരമായി തിളങ്ങി നിൽക്കുന്ന ഒരാൾ തമിഴ്നാട് മുഖ്യമന്ത്രിയാവുന്നത് ആദ്യമായിരുന്നു. പിന്നീട് എംജിആറിനു പ്രിയപ്പെട്ട പുരട്ചി തലൈവി ജെ. ജയലളിതയും അതേ കസേരയിലിരുന്നു. വിവാഹിതനായിരിക്കെ തന്നെയാണ് എംജിആർ ജയലളിതയുമായി അടുക്കുന്നത്. പിന്നീട് ജയലളിത അണ്ണാ ഡിഎംകെയുടെ അധികാരകേന്ദ്രമാകുന്നതും ഈ ബന്ധത്തിന്‍റെ പേരിലാണ്.
ഇപ്പോഴിതാ 49 വർഷത്തിനു ശേഷം ചരിത്രം ആവർത്തിക്കുകയാണ്. എംജിആറിന്‍റെ വഴിത്താരകളെ അനുസ്മരിപ്പിച്ചുകൊണ്ട് വിജയ് എത്തുകയാണ്. അവിടെ ജയലളിതയുമായി താരതമ്യം ചെയ്യാൻ അവിവാഹിതയായൊരു നായികയുമുണ്ട്.
ഭാര്യ സംഗീത സ്വർണലിംഗം വിജയ്ക്കെതിരേ വിവാഹേതര ബന്ധം ആരോപിച്ചാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പിന്നാലെ ഇത് തൃഷയാണെന്നു പ്രചരണമുണ്ടായി. ഇതെക്കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ തന്നെ തൃഷയ്ക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയാണ് വിജയ് ചെയ്തത്. ഈ വിവാദം വിജയ്ക്ക് തിരിച്ചടിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും തമിഴ്നാട്ടുകാർക്ക് ഇതൊരു വിഷയമേ അല്ലായിരുന്നു എന്നു വേണം കരുതാൻ. മൂന്ന് ഭാര്യമാരുണ്ടായിരുന്ന എം. കരുണാനിധി അഞ്ച് വട്ടം ഭരിച്ച സംസ്ഥാനത്ത് ഇതൊരു പ്രശ്നമാകുമെന്നു ചിന്തിച്ചതിലായിരിക്കണം പിഴവ്.
സ്വന്തമായി പാർട്ടി തുടങ്ങി ഒരു സൂപ്പർതാരം അധികാരത്തിലേറുന്നത് എംജിആറിനു ശേഷം ഇത് ആദ്യമായാണ്. വിജയ്കാന്തിനെയും കമൽഹാസനെയും പോലുള്ളവർക്കു സാധിക്കാത്തതാണ് വിജയ് സാധിച്ചത്; സാക്ഷാൽ രജനികാന്ത് പോലും പാതിവഴിക്ക് ഉപേക്ഷിച്ച ലക്ഷ്യമാണ് വിജയ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത്.