
രാജമഹേന്ദ്രവാരം: അഴിമതിക്കേസിൽ റിമാൻഡിലായ തെലുങ്കു ദേശം പാർട്ടി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും അനുവദിച്ച് കോടതി. വിജയവാഡയിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരം ജയിലിലാണ് ചന്ദ്രബാബു നായിഡു.
കേസിൽ ജാമ്യത്തിനു ശ്രമിച്ചെങ്കിലും വിജയവാഡ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. 73കാരനായ നായിഡു ഇസഡ് പ്ലസ് കാറ്റഗറി സംരക്ഷണത്തിലുള്ള നേതാവാണ്. അദ്ദേഹത്തിന്‍റെ ജീവന് ഭീഷണിയുള്ളത് കണക്കിലെടുത്താണ് പ്രത്യേക മുറി അനുവദിച്ചിരിക്കുന്നത്. നായിഡുവിന്‍റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാര ലോകേഷ് ജയിലിലേക്ക് നായിഡുവിനെ അനുഗമിച്ചു. നായിഡുവിനെ ജയിലിനകത്തേക്ക് കടത്തിയതിനു ശേഷം കുറച്ചു സമയം ജയിലിനു പുറത്ത് കാത്തു നിന്നതിനു ശേഷമാണ് നാര ലോകേഷ് മടങ്ങിയത്. കേസിൽ ചന്ദ്രബാബു നായിഡുവിനെതിരേയുള്ള ആരോപണങ്ങൾ സത്യമാണോ എന്ന് കണ്ടെത്താൻ ഒരു ദിവസം കൊണ്ട് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച വിജയവാഡ കോടതി നായിഡുവിന് ജാമ്യം നിഷേധിച്ചത്. സ്കിൽ ഡെലവപ്മെന്‍റ് കോർപ്പറേഷൻ അഴിമതിക്കേസിലാണ് നായിഡു അറസ്റ്റിലായിരിക്കുന്നത്.