സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ സിനിമയാക്കാൻ തെലങ്കാന കോൺഗ്രസ് നേതാവ്; ചിത്രീകരണം ഡൽഹിയിലും ശ്രീപെരുംപുത്തൂരിലും

സോണിയ ഗാന്ധിയുടെ ജന്മദിനമായ ഈ വർഷം ഡിസംബർ ഒമ്പതിന് സിനിമയുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കും
Telangana Congress leader to adapt Sonia Gandhi's memoirs into a film

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ സിനിമയാക്കാൻ തെലങ്കാന കോൺഗ്രസ് നേതാവ്

Updated on: 

ഹൈദരാബാദ്: കോൺഗ്രസ് നേതാവും മുൻ എഐസിസി അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് 'ബിലോങ്ങിങ്; ദി ജേണി ഓഫ് ലൗ' ആസ്പദമാക്കി സിനിമ നിർമിക്കാൻ തെലങ്കാനയിലെ കോൺഗ്രസ് നേതാവ് ടി. ജയപ്രകാശ് റെഡ്ഡി. ജഗ്ഗ റെഡ്ഡി എന്നറിയപ്പെടുന്ന അദ്ദേഹം വാണിജ്യലക്ഷ്യങ്ങളില്ലാതെയാകും ചിത്രം ഒരുക്കുകയെന്ന് അറിയിച്ചു.

സോണിയ ഗാന്ധിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി സിനിമ നിർമിക്കാൻ തീരുമാനിച്ചതായി ജഗ്ഗ റെഡ്ഡി പറഞ്ഞു. തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം ഒരുക്കാനാണ് ആലോചന. സിനിമയ്ക്കായി പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. പകരം, താൻ മുൻപ് പ്രതിനിധീകരിച്ചിരുന്ന സംഗറെഡ്ഡി മണ്ഡലത്തിലെ 50 ഓളം കോൺഗ്രസ് നേതാക്കളുടെ സാമ്പത്തിക സഹായത്തോടെയാകും നിർമാണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലും തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലുമായിരിക്കും ചിത്രീകരണം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലമാണ് ശ്രീപെരുംപുത്തൂർ.

സോണിയ ഗാന്ധിയുടെ ജന്മദിനമായ ഈ വർഷം ഡിസംബർ ഒമ്പതിന് സിനിമയുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കും. 2028 ഡിസംബർ ഒമ്പതിന് ചിത്രം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബി. മഹേഷ് കുമാർ ഗൗഡുമായും ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.