

നാലു ദിവസം മുൻപേ, ചതുർദശിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മധ്യപ്രദേശിലെ ക്ഷേത്രങ്ങൾ
ഇന്ദോർ: എൺപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പക്ഷെ മധ്യപ്രദേശിലെ രണ്ടു ക്ഷേത്രങ്ങൾ സ്വാതന്ത്ര്യദിനാഘോഷം നടത്തിക്കഴിഞ്ഞു. ഹൈന്ദവ കലണ്ടർ പ്രകാരമാണ് ഓഗസ്റ്റ് 11ന് മണ്ഡ്സോറിലെ പശുപതിനാഥ ക്ഷേത്രവും, ബേഡിലെ ഗണേശ ക്ഷേത്രവും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
പ്രത്യേക ആചാരാനുഷ്ഠാനങ്ങളും പൂജയും പ്രാർഥനയും പതാക ഉയർത്തലും പതാക യാത്രയുമെല്ലാം ഇരു ക്ഷേത്രങ്ങളിലും നടത്തി. ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിയിലാണ് ഇരു ക്ഷേത്രങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
1947 ഓഗസ്റ്റ് 15 ഹൈന്ദവ മാസങ്ങൾ പ്രകാരം ശ്രാവണത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിയായിരുന്നുവെന്ന് പുരോഹിതന്മാർ പറയുന്നു. ഇത്തവണ ഈ ദിവസം ഓഗസ്റ്റ് 11 നായിരുന്നു. പശുപതിനാഥ ക്ഷേത്രപത്തിൽ നൂറുകണക്കിന് പേരാണ് പരിപാടികളിൽ പങ്കെടുക്കാനായി എത്തിയത്. 1985 മുതൽ ക്ഷേത്രത്തിൽ ഹൈന്ദവ കലണ്ടർ പ്രകാരമാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു വരുന്നതെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.