

ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ
ന്യൂഡൽഹി: ഹൈന്ദവ വിശ്വാസപ്രകാരം സ്ത്രീകൾക്കു മാത്രമാല്ല പുരുഷന്മാർക്കും ചില ക്ഷേത്രങ്ങളിൽ പ്രവേശനം വിലക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളെക്കുറിച്ച് സുപ്രീം കോടതിയിൽ പരാമർശിച്ചത്.
ചരിത്രാതീത കാലം മുതൽ ഹൈന്ദവ വിശ്വാസം സ്ത്രീത്വത്തെ ആരാധിക്കുന്നുണ്ടെന്നും തുല്യത എന്നതിലുപരി പുരുഷന്മാരേക്കാൾ മുകളിലാണ് സ്ത്രീകൾക്ക് നൽകിയിരിക്കുന്ന സ്ഥാനമെന്നും മേഹ്ത വ്യക്തമാക്കി. കേരളത്തിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്തുകാവ് ക്ഷേത്രം, കൊറ്റൻകുളങ്ങര ശ്രീദേവി ക്ഷേത്രം എന്നിവയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ആറ്റുകാൽ ക്ഷേത്രം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമയത്ത് ക്ഷേത്രത്തിലേക്ക് പുരുഷന്മാരെ പ്രവേശിപ്പിക്കാറില്ല.
ചക്കുളത്തുകാവ് ക്ഷേത്രം: ചക്കുളത്തുകാവ് ക്ഷേത്രത്തിൽ വർഷാ വർഷം നടത്തുന്ന നാരീ പൂജയുടെ ഭാഗമായി പുരുഷ പുരോഹിതന്മാർ 10 ദിവസത്തെ വ്രതമെടുത്ത് ഭക്തരായ സ്ത്രീകളുടെ കാൽ കഴുകും. ആ സമയത്ത് ക്ഷേത്രത്തിലേക്ക് സ്ത്രീകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
പുഷ്കർ ക്ഷേത്രം: പുഷ്കറിലെ ബ്രഹ്നമ ക്ഷേത്രത്തിലേക്ക് വിവാഹിതരായ പുരുഷന്മാരെ പ്രവേശിപ്പിക്കുകയില്ല. ബ്രഹ്മാവിനെ ആരാധിക്കുന്ന ഏക ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വിവാഹിതരായ പുരുഷന്മാരുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടാകുമെന്നാണ് വിശ്വാസം.
കന്യാകുമാരിലെ ഭഗവതി അമ്മൻ ക്ഷേത്രം: സമുദ്രത്തിനു നടുവിൽ ഭഗവാൻ ശിവനെ വരനായി കിട്ടുവാൻ വേണ്ടി ദേവി കന്യാകുമാരി ധ്യാനത്തിലിരിക്കുന്ന ക്ഷേത്രമാണിത്. പുരാണങ്ങൾ പ്രകാരം സതീ ദേവിയുടെ നട്ടെല്ല് ഇവിടെയാണ് പതിച്ചതെന്നാണ് വിശ്വാസം. ധ്യാനത്തിലായതു കൊണ്ട് തന്നെ സന്യാസത്തിന്‍റെ ദേവതയെന്നും ദേവി അറിയപ്പെടുന്നു. അതു കൊണ്ട് തന്നെ വിവാഹം കഴിക്കാത്ത പുരുഷന്മാർക്ക് ക്ഷേത്രത്തിന്‍റെ വാതിൽ വരെയാണ് പ്രവേശനമുള്ളത്. വിവാഹിതരായ പുരുഷന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല.
ബിഹാറിലെ മാതാ ക്ഷേത്രം: മുസാഫർപുരിലെ മാതാക്ഷേത്രത്തിലേക്ക് ഒരു പ്രത്യേക സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കാറില്ല. പുരുഷന്മാരായ പുരോഹിതന്മാർക്കു പോലും ആ സമയത്ത് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
കൊറ്റൻകുളങ്ങര ശ്രീ ദേവി ക്ഷേത്രം: ക്ഷേത്രത്തിലെ ചമയവിളക്ക് എന്ന ആഘോഷത്തിൽ പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിച്ചെത്തി ദേവിയുടെ അനുഗ്രഹം വാങ്ങുകയാണ് പതിവ്.
കാമാഖ്യ ക്ഷേത്രം: അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ അമ്പുബാച്ചിയുടെ സമയത്ത് പുരുഷന്മാർക്ക് പ്രവേശനമില്ല. ദേവിക്ക് ആർത്തവമുണ്ടാകുന്നതോടെയാണ് ക്ഷേത്രത്തിൽ അമ്പുബാച്ചി ചടങ്ങ് നടത്തുക.