ഇന്ത്യൻ ഏജന്‍റുമാർ 30 ലഷ്കർ പ്രവർത്തകരെ കൊന്നു: വെളിപ്പെടുത്തലുമായി ഭീകര നേതാവ്

പാക്കിസ്ഥാനിൽ 3-4 വർഷമായി ലഷ്കർ ഭീകരർ അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെടുന്നുവെന്ന് വെളിപ്പെടുത്തൽ
Terrorist leader alleges Indian agents killed 30 LET operatives in Pakistan

അനുയായികളെ അഭിസംബോധന ചെയ്യുന്ന ലഷ്കർ ഇ തൊയ്ബ ഭീകരൻ റിസ്വാൻ ഹനീഫ്.

Updated on

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മുപ്പതിലധികം പ്രവർത്തകർ കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിൽ കൊല്ലപ്പെട്ടതായി ലഷ്കറുമായി ബന്ധമുള്ള ഭീകര നേതാവിന്‍റെ വെളിപ്പെടുത്തൽ. സമീപകാലത്തായി സംഘടനയ്ക്ക് ഏറ്റ തിരിച്ചടികളെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വെളിപ്പെടുത്തലുകളിൽ ഒന്നാണിത്. മേയ് മാസത്തിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുമായ ഒരു വിഡിയൊയിൽ റിസ്വാൻ ഹനീഫ് എന്ന ഭീകരനാണ് ഈ പ്രസംഗം നടത്തിയത്.

അജ്ഞാതരായ തോക്കുധാരികളാണ് കൊലപാതകങ്ങൾക്കു പിന്നിൽ. ഇവരെ നിയന്ത്രിക്കുന്നത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്നും ഹനീഫ് ആരോപിക്കുന്നു. പെഷവാർ, കറാച്ചി, റാവൽപിണ്ടി, മുസാഫറാബാദ്, റാവൽകോട്ട് തുടങ്ങി പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ലഷ്കർ പ്രവർത്തകർ ആക്രമിക്കപ്പെട്ടതായും അനുയായികളെ അഭിസംബോധന ചെയ്യവേ ഹനീഫ് ചൂണ്ടിക്കാട്ടി.

സമീപകാലത്തായി പാക്കിസ്ഥാനിലുടനീളം തിരിച്ചറിയപ്പെടാത്ത തോക്കുധാരികൾ ലഷ്കർ അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നിരവധി ക്രിമിനലുകളെ വധിച്ചിരുന്നു. ഇതിനു പിന്നിൽ ഇന്ത്യയാണെന്ന മട്ടിലുള്ള ആരോപണങ്ങൾ ന്യൂഡൽഹി ആവർത്തിച്ച് നിഷേധിച്ചിട്ടുള്ളതാണ്.

അതേസമയം, ഇന്ത്യയുടെ ക്യാംപെയ്ൻ കാരണം പാക് അധീന കശ്മീരിൽ ലഷ്കർ ഇ തൊയ്ബ പ്രവർത്തകർക്ക് "സമാധാനത്തോടെയും ശാന്തതയോടെയും" ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ഹനീഫ് പരിഭവം പറയുന്നത്.

ലഷ്കർ ഇ തൊയ്ബ ഭീകരരുടെ മരണത്തെക്കുറിച്ച് പരാമർശിക്കവെ, മറ്റ് മതങ്ങളെ ലക്ഷ്യമിട്ട് ഹനീഫ് നിരവധി പ്രകോപനപരവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തി. സംഘടനയുടെ പ്രവർത്തകർ ആക്രമിക്കപ്പെടാൻ കാരണം അവരുടെ വിശ്വാസമാണെന്നാണ് ഇയാൾ ആരോപിക്കുന്നത്. മതവിശ്വാസമാണ് അവർ ചെയ്ത 'ഏക കുറ്റം' എന്നും ഹനീഫ്.

തുടർന്ന് ഹിന്ദുക്കളുടെയും ജൂതരുടെയും മതപരമായ ആചാരങ്ങളെ ഹീനമായ ഭാഷയിലാണ് ഇസ്ലാമുമായി ഇയാൾ താരതമ്യം ചെയ്തത്. മറ്റ് മതവിശ്വാസങ്ങൾ പിന്തുടരുന്നവർക്കെതിരേ വിദ്വേഷ പരാമർശങ്ങളും നടത്തി.

സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് സ്ഥാപിതമായ ഇസ്ലാമിക സംഘടനയായ മർക്കസ്-ഉദ്-ദവ-വൽ-ഇർഷാദിന്‍റെ തീവ്രവാദ വിഭാഗമായി 1980-കളുടെ അവസാനമാണ് പാക്കിസ്ഥാനിൽ ലഷ്കർ ഇ തൊയ്ബ രൂപം കൊള്ളുന്നത്. ഹാഫിസ് മുഹമ്മദ് സയീദ്, സഫർ ഇഖ്ബാൽ, അബ്ദുല്ല അസ്സം എന്നിവരായിരുന്ന സ്ഥാപക ഭീകരർ. അഫ്ഗാനിസ്ഥാനിൽ നിന്ന് സോവിയറ്റ് സൈന്യം പിന്മാറിയതിനെ തുടർന്ന്, സംഘടനയുടെ ശ്രദ്ധ ജമ്മു കശ്മീരിലേക്ക് തിരിഞ്ഞു.

ഇന്ത്യയും യുഎസും അടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ലഷ്കർ ഇ തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പാക്കിസ്ഥാൻ സൈന്യത്തിന്‍റെയും പാക് ചാര സംഘടനയായ ഐഎസ്ഐയുടെയും പിന്തുണയോടെ ഇവരുടെ പ്രവർത്തനം നിർബാധം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com