അയോധ്യ രാമക്ഷേത്ര കൊള്ള; ട്രസ്റ്റിന്റെ അക്കൗണ്ട് വീണ്ടും ഓഡിറ്റ് ചെയ്യാന്‍ എസ്‌ഐടി

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അക്കൗണ്ടുകളാണ് വീണ്ടും ഓഡിറ്റ് ചെയ്യാനൊരുങ്ങുന്നത്
The Ayodhya Ram Mandir Trust's account will be audited again

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ട് വീണ്ടും ഓഡിറ്റ് ചെയ്യും

അയോധ‍്യ രാമക്ഷേത്രം

Updated on

അയോധ്യ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടില്‍ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ വീണ്ടും ഓഡിറ്റിങ്ങിനു വിധേയമാക്കാന്‍ എസ്‌ഐടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അക്കൗണ്ടുകളാണ് വീണ്ടും ഓഡിറ്റ് ചെയ്യാനൊരുങ്ങുന്നത്. വന്‍തോതിലുള്ള തട്ടിപ്പാണ് നടന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വീണ്ടും ഓഡിറ്റ് നടത്തുന്നത്.

സ്വര്‍ണം, വെള്ളി തുടങ്ങി ട്രസ്റ്റിനു സംഭാവനയായി ലഭിച്ച എല്ലാ വസ്തുക്കളും വീണ്ടും ഓഡിറ്റിങ്ങിന് വിധേയമാക്കും. അയോധ്യ രാമക്ഷേത്രത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് രാജ്യവ്യാപകമായി ചര്‍ച്ചയായതോടെ പഴുതടച്ചുള്ള അന്വേഷണമാണ് യുപി സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച എസ്‌ഐടി എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തിവരികയാണ്.

കേസില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ ഇതിനോടകം എസ്‌ഐടി ചോദ്യംചെയ്തിരുന്നു. സംഭവം വിവാദമായതോടെ റായിയും മിശ്രയും രാജി വച്ചിരുന്നു. ജൂലൈ ആറിനു ചേരുന്ന ട്രസ്റ്റ് യോഗമാണ് ഇവരുടെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

കേസില്‍ ഇതുവരെ എട്ടു പേരെയാണ് എസ്‌ഐടി അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് 80 ലക്ഷം രൂപ, 11 ഗ്രാം സ്വര്‍ണം, 375 ഗ്രാം വെള്ളി, 1121 യുഎസ് ഡോളര്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.

അതേസമയം സംഭാവന തട്ടിപ്പ് കേസില്‍ പ്രതികരണവുമായി ഭാഗേശ്വര്‍ ധാം മേധാവി ആചാര്യ ധീരേന്ദ്ര കൃഷ്ണപ്രസാദ് ശാസ്ത്രി രംഗത്തുവന്നു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com