

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചോദിച്ചത് ആക്രമണത്തിന് പിന്നിൽ ആരാണെന്നായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന ഡിസ്കവറി ഡോക്യുമെന്‍ററിക്കുള്ള അഭിമുഖത്തിലാണ് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.
പഹൽഗാം ആക്രമണം നടക്കുമ്പോൾ സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. വിമാനത്താവളത്തിൽ തന്നെ വിദേശകാര്യ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നതായി ഡോവൽ പറഞ്ഞു.
“പ്രധാനമന്ത്രി മടങ്ങിയെത്തി. വിമാനത്താവളത്തിൽവച്ച് തന്നെ യോഗം നടന്നു. ആദ്യം സംഭവത്തിന്‍റെ എല്ലാ വസ്തുതകളും അറിയാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. തുടർന്ന് എന്നോടുള്ള ആദ്യ ചോദ്യം — ‘ആരാണ് ഇത് ചെയ്തത്? ആരാണ് ഉത്തരവാദി? ആക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് നമുക്ക് വ്യക്തത വേണം. എനിക്ക് അത് ഉടൻ വേണം’ എന്നായിരുന്നു”- ഡോവൽ പറഞ്ഞു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞതിന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഡോവൽ അഭിനന്ദിച്ചു. ഏജൻസികൾ മികച്ച പ്രവർത്തനം നടത്തിയെന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിഗമനത്തിലെത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകൾ തകർക്കുകയായിരുന്നു ഓപ്പറേഷൻ സിന്ദൂരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഡോവൽ പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നൽകുന്നതും ഭീകരർക്കെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതും ഇന്ത്യ അംഗീകരിക്കില്ലെന്ന സന്ദേശം പാക്കിസ്ഥാൻ സൈന്യത്തിന് നൽകുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ മെയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 88 മണിക്കൂർ നീണ്ടുനിന്ന സൈനിക സംഘർഷത്തിനൊടുവിൽ മെയ് 10ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.