കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

തിങ്കളാഴ്ചയാണ് തമിഴ്നാട് സർക്കാരിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്
Chief Minister Vijay hands over appointment orders for jobs to the family members of the deceased in Karur (File photo).

കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി വിജയ് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറുന്നു (ഫയൽ ചിത്രം)

Updated on

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി വിജയ് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സി.വി. കാര്‍ത്തികേയന്‍, ആര്‍. ശക്തിവേല്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് തിങ്കളാഴ്ച തമിഴ്നാട് സർക്കാരിന്‍റെ ഉത്തരവ് റദ്ദാക്കിയത്.

കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കി. ഈ മാസം ആദ്യം കരൂരിൽ എത്തിയ മുഖ്യമന്ത്രി വിജയ് മരിച്ചവരുടെ കുടുംബങ്ങളിലെ അർഹരായ 32 പേർക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ കൈമാറിയിരുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയെന്ന നിലയിലാണ് സർക്കാർ ഇത് നടപ്പാക്കിയത്.

എന്നാൽ സർക്കാർ ജോലി നൽകുന്ന തീരുമാനത്തിനെതിരേ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി നേരത്തെ നിയമന ഉത്തരവുകൾ വിതരണം ചെയ്യാൻ അനുമതി നൽകിയിരുന്നെങ്കിലും, അവ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായ താൽക്കാലിക നിയമനങ്ങളായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് വിശദമായി പരിഗണിച്ച കോടതി ഇപ്പോൾ സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

2025 സെപ്റ്റംബറിൽ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവും രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. പിന്നീട് സുപ്രീംകോടതി നിർദേശപ്രകാരം കേസ് സിബിഐക്ക് കൈമാറുകയും അന്വേഷണം തുടരുകയും ചെയ്യുകയായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം അസാധുവായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട തുടർനടപടികളും വിധിയുടെ പൂർണരൂപവും പുറത്തുവന്നതിന് ശേഷമേ സർക്കാർ ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ.

logo
Metro Vaartha
www.metrovaartha.com