രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

അന്താരാഷ്ട്ര വിപണിയിലെ വിലവർധനയുടെ പശ്ചാത്തലത്തിലാണ് നിരക്ക് ഉയർത്തിയത്
The price of a commercial LPG cylinder has increased

വാണിജ്യ എൽപിജി സിലിണ്ടറിന്  വില വർധിച്ചു

Representative image

Updated on

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക (എൽപിജി) സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു. 9.50 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയുടെ പശ്ചാത്തലത്തിലാണ് നിരക്ക് ഉയർത്തിയത്.

ഇതോടെ വാണിജ്യ എൽപിജിയുടെ 19 കിലോഗ്രാം സിലിണ്ടറിന്‍റെ വില 2,738 രൂപയിൽനിന്ന് 2,747.50 രൂപയായി ഉയർന്നു. കൂടാതെ 5 കിലോഗ്രാം എൽപിജി സിലിണ്ടറിന്‍റെ വിലയും 762 രൂപയിൽനിന്ന് 764 രൂപയായി വർധിപ്പിച്ചു. പുതിയ വില സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.

തുടർച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് ശേഷമാണ് വാണിജ്യ എൽപിജിക്ക് വീണ്ടും വില കൂട്ടിയത്. ഓഗസ്റ്റ് ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 192 രൂപയും ജൂലൈ ഒന്നിന് 183.50 രൂപയും കുറച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ജൂണിൽ അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില റെക്കോർഡ് ഉയരത്തിലെത്തിയതിനെ തുടർന്നായിരുന്നു ജൂലൈയിലും ഓഗസ്റ്റിലും വാണിജ്യ എൽപിജി വിലയിൽ വലിയ കുറവ് വരുത്തിയത്.

ഫെബ്രുവരി അവസാനം സംഘർഷം ആരംഭിച്ചതിന് പിന്നാലെ വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വിലയിൽ ആകെ 1,373 രൂപയുടെ വൻ വർധനയുണ്ടായിരുന്നു. ഫെബ്രുവരിയിലെ 1,740.50 രൂപയിൽനിന്ന് ജൂണിൽ 3,113.50 രൂപയായാണ് വില ഉയർന്നത്.

അതേസമയം, വീടുകളിൽ പാചകത്തിനായി ഉപയോഗിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം സിലിണ്ടറിന് 942 രൂപയാണ് നിലവിലെ വില. ജൂൺ ഏഴിനാണ് ഗാർഹിക എൽപിജി സിലിണ്ടറിന്‍റെ വില അവസാനമായി 29 രൂപ വർധിപ്പിച്ചത്.

മെയ് മാസത്തിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 7.50 രൂപ വീതം വർധിപ്പിച്ചിരുന്നു. നിലവിൽ ഇരു ഇന്ധനങ്ങളുടെയും വിലയിലും മാറ്റമില്ല.

അതേസമയം വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വില 5.46 ശതമാനം വർധിപ്പിച്ചു. രാജ്യത്തെ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ജെറ്റ് ഇന്ധനമായ എടിഎഫിന്‍റെ വില ലിറ്ററിന് 6.28 രൂപ വർധിപ്പിച്ച് 121.28 രൂപയാക്കി. ഓഗസ്റ്റ് ഒന്നിന് ലിറ്ററിന് 5 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വില ഉയർത്തിയത്. എടിഎഫ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 40 ശതമാനം വരെ വരുന്ന സാഹചര്യത്തിൽ തുടർച്ചയായ വിലവർധന കമ്പനികളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും.

അന്താരാഷ്ട്ര വിപണിയിലെ ബെഞ്ച്മാർക്ക് വിലയും വിദേശനാണയ വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് എടിഎഫ്, എൽപിജി വിലകൾ പുതുക്കുന്നത്. സംസ്ഥാനങ്ങളിലെ വാറ്റ് ഉൾപ്പെടെയുള്ള പ്രാദേശിക നികുതികൾ അനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകും.

logo
Metro Vaartha
www.metrovaartha.com