

ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
ന്യൂഡൽഹി: ആന്ധ്രപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈക്കോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനം എടുത്തത്.
ഇതുപ്രകാരം കേരള ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ പി. കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവർ സ്ഥിരം ജഡ്ജിമാരാകും. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ മഹേശ്വര റാവു കുഞ്ചിയം, തൂത ചന്ദ്ര ധന ശേഖർ, ചല്ല ഗുണരഞ്ജൻ, അവധാനാം ഹരി ഹരനാഥ ശർമ, ഡോ. യാദവള്ളി ലക്ഷ്മണ റാവു എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തത്.
ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായ ജസ്റ്റിസ് സുഭാഷ് ഉപാധ്യായയെ സ്ഥിരം ജഡ്ജിയായി നിയമിക്കാനും കൊളീജിയം അംഗീകാരം നൽകി. ഗുവാഹത്തി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായ ജസ്റ്റിസ് കൗശിക് ഗോസ്വാമിയെയാണ് സ്ഥിരം ജഡ്ജിയായി നിയമിക്കാൻ കൊളീജിയം അംഗീകാരം നൽകിയത്.