യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി; അവരുടെ കഴിവിന് ലോകത്ത് സമാനതകളില്ല: രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ കെ.പി. ഗ്രൗണ്ടിൽ ശനിയാഴ്ച സംഘടിപ്പിച്ച ‘ഛാത്രോൻ കി ഗൂഞ്ജ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
Rahul Gandhi

രാഹുൽ ഗാന്ധി

file image

Updated on

പ്രയാഗ്‌രാജ്: ഇന്ത്യയുടെ യുവാക്കളാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്നും അവരുടെ കഴിവിന് ലോകത്ത് സമാനതകളില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ കെ.പി. ഗ്രൗണ്ടിൽ ശനിയാഴ്ച സംഘടിപ്പിച്ച ‘ഛാത്രോൻ കി ഗൂഞ്ജ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിങ്ങളാണ് ഇന്ത്യയുടെ ശക്തിയും അഭിമാനവും. ഇത് പറയുമ്പോൾ ഓരോ ഇന്ത്യക്കാരനെയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇന്ന് വൈകിട്ട് ഞാൻ നിങ്ങളോട് ദർദ് (വേദന), ഡാറ്റ, ദൗലത്ത് (സമ്പത്ത്) എന്നിവയെക്കുറിച്ചാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്”- അദ്ദേഹം പറഞ്ഞു. രാജ്യത്തെ 40 കോടി യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ അമെരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് ഏറെ സംസാരിക്കാറുണ്ടെങ്കിലും ഇന്ത്യയിലെ യുവാക്കൾക്ക് ലോകത്ത് സമാനതകളില്ലെന്നും പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ യോഗ്യതകളുടെ മൂല്യം കുറയുന്നതിലും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് യാതൊരു അർഥവുമില്ല. കാരണം അവ ജോലി നേടിത്തരുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

രാജ്യത്ത് തൊഴിൽ ലഭിക്കാനുള്ള എല്ലാ വാതിലുകളും അടഞ്ഞുകിടക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഉൽപാദന മേഖലയിലെ ഇടിവ്, വായ്പ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മൂലം തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ യുവാക്കളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടും അടുത്തിടെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. ഭയത്തെ നേരിട്ട് യുവാക്കൾ ഇരുട്ടിൽ ഒരു വെളിച്ചം തെളിച്ചെന്നും അതിലൂടെ രാജ്യത്തെ മാറ്റാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്‍റെയോ അക്രമത്തിന്‍റെയോ വഴി സ്വീകരിക്കാതെ സ്നേഹവും സൗഹാർദവും ഉപയോഗിച്ച് സംവിധാനത്തെ മാറ്റാനും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

വൻതോതിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും പരിപാടിയിൽ പങ്കെടുത്തു. ഹോസ്റ്റലുകളിലെ പ്രശ്നങ്ങളും മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ആശങ്കകളും ഇവർ ഉന്നയിച്ചു. രാഹുൽ ഗാന്ധി എത്തുന്നതിന് മുമ്പ് മുംബൈയിൽ നിന്നുള്ള റാപ്പർമാരുടെ നൃത്ത-സംഗീത പരിപാടികളും അരങ്ങേറി. പരിപാടിക്ക് മുന്നോടിയായി വെള്ളിയാഴ്ച കോൺഗ്രസ് നഗരത്തിൽ മോട്ടോർസൈക്കിൾ റാലിയും സംഘടിപ്പിച്ചിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലായിരുന്നു റാലി.

logo
Metro Vaartha
www.metrovaartha.com