സുശാന്ത് സിങ്ങിന്‍റെയും ദിഷ സാലിയന്‍റെയും മരണം തമ്മിൽ ബന്ധമുണ്ട്; ‘100 ശതമാനം ഉറപ്പ്’ – ദിഷയുടെ പിതാവ്

ദിഷയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം

Sushant Singh Rajput, Disha Salian

സുശാന്ത് സിങ് രജ്പുത്, ദിഷ സാലിയൻ

Updated on

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റയും മുൻ മാനേജർ ദിഷ സാലിയന്‍റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് ദിഷയുടെ പിതാവ് സതീഷ് സാലിയൻ. ദിഷയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം.

2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാഡ് മേഖലയിലെ കെട്ടിടത്തിന്‍റെ 14ം നിലയിൽ നിന്ന് വീണ് ദിഷ സാലിയൻ മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സുശാന്തിന്‍റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ 100 ശതമാനം ബന്ധമുണ്ടെന്ന് സതീഷ് സാലിയൻ മാധ്യമങ്ങളോട് പറഞ്ഞു. സുശാന്തിന്‍റെ ചില തെറ്റായ പ്രവൃത്തികളുടെ വീഡിയോ ദിഷ അയച്ചിരുന്നുവെന്നും അതിന് മരണവുമായി ബന്ധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ദിഷയുടെ മരണം ആത്മഹത്യയല്ലെന്നും ചില സ്വാധീനശക്തികൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നും പിതാവ് ആരോപിച്ചു. സിബിഐ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും സത്യം പുറത്തുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിനെയും സതീഷ് സാലിയൻ ചോദ്യം ചെയ്തു. സുശാന്തിന്‍റെ മരണം ആത്മഹത്യയായി കണക്കാക്കിയ നടപടി തെറ്റാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദിഷയുടെ മരണത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച രാവിലെ ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണത്തിനിടെ മതിയായ തെളിവുകൾ ലഭിക്കുന്നതു വരെ ആരെയും പ്രതി ചേർക്കരുതെന്നും കോടതി വ്യക്തമാക്കി. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിഷയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ദിഷയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും തുടർന്ന് സ്വാധീനമുള്ള വ്യക്തികളെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലിലൂടെ കേസ് മൂടിവെച്ചെന്നും ആരോപിച്ച് സതീഷ് സാലിയൻ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ദിഷയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും സതീഷ് സാലിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സതീഷിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ചൂണ്ടിക്കാട്ടി ആദിത്യ താക്കറെ നിഷേധിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com