

ശ്രീ വിജയപുരം: ആൻഡമാൻ തീരത്തു നടത്തിയ ഖനനത്തിൽ വീണ്ടും പ്രകൃതിവാതക ശേഖരം കണ്ടെത്തി ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഇതിപ്പോൾ രണ്ടാം തവണയാണ് മേഖലയിൽ പ്രകൃതിവാതകം കണ്ടെത്തുന്നത്. ആൻഡമാൻ ദ്വീപിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 15 കിലോമീറ്റർ അകത്തോട്ട് മാറി കടലിനടിയിൽ നടത്തിയ ഖനനത്തിലാണ് പ്രകൃതിവാതകശേഖരം കണ്ടെത്തിയത്. 2025 സെപ്റ്റംബറിൽ വിജയപുരം-2 എന്ന ഖനനമേഖലയിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു.
നിലവിൽ മൂന്നിടങ്ങളിലായാണ് ഖനനം തുടരുന്നത്. തദ്ദേശ ഊർജ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായ കണ്ടെത്തലാണിതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 1900 മീറ്റർ ഖനനം നടത്തിയപ്പോഴാണ് പ്രകൃതിവാതക ശേഖരം കണ്ടെത്താനായതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായാണ് കടലിനടിയിൽ ഖനനം നടത്തുന്നത്. വാതകത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.