

അശുതോഷ് റങ്ക, സൗരവ് ദാസ്
ന‍്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ജെൻസികളല്ലെന്ന് ഡൽഹിയിലെ കോടതി. തങ്ങളുടെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടിയതിനെതിരേ നേതാക്കൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
വാദം കേൾക്കുന്നതിനിടെ ഹർജിക്കാരുടെ അഭിഭാഷകനായ അഭിക് ചിമ്നിയോട് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് വയസ് ചോദിച്ചിരുന്നു. സൗരവ് ദാസിന് 27 വയസും അശുതോഷ് റങ്കയ്ക്ക് 32 വയസുമാണെന്ന് അഭിഭാഷകൻ പറഞ്ഞതോടെ അങ്ങനെയെങ്കിൽ നിങ്ങൾ ജെൻസികളല്ലെന്നും 1997ന് ശേഷം ജനിച്ചവരാണ് ജെൻസികളെന്ന് കോടതിക്ക് ബോധ‍്യമായിട്ടുണ്ടെന്നും അതിനാൽ നിങ്ങൾ ജെൻസി വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതിനു പിന്നാലെ കോടതിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ട് ജെൻസിയെന്ന് വിളിക്കാൻ ഏറ്റവും യോഗ‍്യനായ വ‍്യക്തി ഇദ്ദേഹം മാത്രമാണെന്നായിരുന്നു ദിപ്കെയുടെ പ്രതികരണം.
ഹൈക്കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നേതാക്കൾ ഹർജി പിൻവലിക്കുകയും ചെയ്തു. ജന്തർ മന്തറിൽ ഒക്റ്റോബർ 13ന് നടന്ന പ്രതിഷേധത്തിനിടെ അതിക്രമിച്ച് കയറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തതും പിന്നീട് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടതും. പിന്നീട് എസ്ഇഎം കോടതി കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് നീട്ടുകയും ചെയ്തു.