
ഉറങ്ങുന്നതിനിടെ എസി പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
ഫരീദാബാദ്: എയർ കണ്ടീഷണറിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഹരിയാനയിലെ ഫരീദാബാദിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സച്ചിൻ കപൂർ ഭാര്യ റിങ്കു കപൂർ മകൾ സുജൻ കപൂർ എന്നിവരാണ് മരിച്ചത്. വീട്ടിലെ വളർത്തുനായയെയും ചത്ത നിലയിൽ കണ്ടെത്തി. അപകട സമയത്ത് ഫ്ലാറ്റിന്‍റെ ജനലിൽ നിന്ന് പുറത്തേക്ക് ചാടിയ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നാലു നിലക്കെട്ടിടത്തിലെ രണ്ടാം നിലയിലാണ് കപൂറും കുടുംബവും താമസിച്ചിരുന്നത്. ഒന്നാം നില ഒഴിഞ്ഞു കിടക്കുകയായിരുന്നു. മൂന്നാം നിലയിലായിരുന്നു കപൂറിന്‍റെ ഓഫിസ്. നാലാം നിലയിൽ മറ്റൊരു കുടുംബമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച. പുലർച്ചെ കപൂറും കുടുംബവും ഉറങ്ങുന്നതിനിടെയാണ് എസി പൊട്ടിത്തെറിച്ചത്.
കനത്ത പുക ശ്വസിച്ചാണ് മൂന്നു പേരും മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സച്ചിൻ കപൂറിന്‍റെ മകൻ മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയൽക്കാർ ഉടൻ തന്നെ നാലു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.