

നാവികസേനയ്ക്ക് കരുത്തേകാന്‍ പുതിയ മൂന്നു പടക്കപ്പലുകള്‍
കൊല്‍ക്കത്ത: രാജ്യത്തിന്റെ നാവികശക്തിയ്ക്ക് കരുത്തുപകരാന്‍ പുതുതായി നിര്‍മിച്ച മൂന്നു യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷന്‍ ചെയ്തു. ഞായറാഴ്ച കൊല്‍ക്കത്തയിലെ ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖത്താണ് കമ്മിഷനിങ് ചടങ്ങ് നടന്നത്. ഐഎന്‍എസ് ദുനഗിരി, ഐഎന്‍എസ് അഗ്രേ, ഐഎന്‍എസ് സന്‍ശോധക് എന്നി കപ്പലുകളാണ് നാവികസേനയുടെ ഭാഗമാകുന്നത്.
ബ്രഹ്‌മോസ് സര്‍ഫേസ് ടു സര്‍ഫേസ് മിസൈലുകള്‍, മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, മറ്റു അത്യാധുനിക ആയുധങ്ങള്‍, സെന്‍സറുകള്‍ തുടങ്ങിയവ വഹിക്കാന്‍ സാധിക്കുന്നതാണ് ഐഎന്‍എസ് ദുനഗിരി. തീരപ്രദേശങ്ങളിലും ആഴക്കടലിലും സര്‍വേ നടത്താന്‍ പര്യാപ്തമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ഐഎന്‍എസ് സന്‍ശോധക്. ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ്, റിമോട്ട് നിയന്ത്രിത വെഹിക്കിള്‍സ് തുടങ്ങി സര്‍വേയ്ക്ക് സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ ഈ കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഐഎന്‍എസ് അഗ്രേ. ടോര്‍പ്പിഡാകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, സോണാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ കഴിവിന്റെ ഫലമാണ് ഈ കപ്പലുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷനിങ് ചടങ്ങില്‍ പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് നമ്മള്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു. ആ യാത്രയുടെ തുടര്‍ച്ചയാണ് ഐഎന്‍എസ് ദുനഗിരി, ഐഎന്‍എസ് അഗ്രേ, ഐഎന്‍എസ് സന്‍ശോധക് എന്നി കപ്പലുകളെന്നും മോദി വ്യക്തമാക്കി. ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി, മുഖ്യമന്ത്രി സുവേന്ദ്രു അധികാരി, നാവികസേന മേധാവി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.