പ്രവർത്തകർക്കൊപ്പം കല‍്യാൺ ബാനർജി
അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; തലയ്ക്ക് പരുക്ക്
കോൽക്കത്ത: അഭിഷേക് ബാനർജിക്കു പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാല പൊലീസ് സ്റ്റേഷന് പുറത്ത് വച്ചാണ് കല‍്യാൺ ബാനർജി ആക്രമിക്കപ്പെട്ടത്.
തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ തൃണമൂൽ പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് നിവേദനം നൽകാൻ വേണ്ടിയാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയത്.
പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു തൃണമൂൽ പ്രവർത്തകർ. എന്നാൽ അവിടെയ്ക്ക് ബിജെപി പ്രവർത്തകർ എത്തുകയും തൃണമൂൽ വിരുദ്ധ മുദ്രാവാക‍്യം മുഴക്കുകയും ചെയ്തതോടെ സ്ഥിതി വഷളായി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ഇതേത്തുടർന്ന് പൊലീസിനെയും കേന്ദ്ര സേനയെയും സംഭവസ്ഥലത്ത് വിന‍്യസിച്ചു. തനിക്കെതിരേ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് കല‍്യാൺ ബാനർജി പ്രതികരിച്ചു.

