കേരളത്തിൽ നിന്നും തെങ്കാശിയിലെ കൃഷിയിടങ്ങളിൽ മാലിന‍്യം തള്ളുന്നു; സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് തമിഴ്നാട് ബിജെപി

വിഷയത്തിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്നാണ് ബിജെപി അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറയുന്നത്
TN BJP accuses ruling TVK of inaction over medical waste dumping from Kerala

നൈനാർ നാഗേന്ദ്രൻ, വിജയ്

Updated on: 

ചെന്നൈ: അയൽസംസ്ഥാനമായ കേരളത്തിൽ നിന്നും തെങ്കാശി ജില്ലയിലെ കൃഷിയിടങ്ങളിലേക്ക് അപകടകരമായ ജൈവ ആശുപത്രി മാലിന‍്യം തള്ളുന്നത് തടയാൻ ഭരണത്തിലിരിക്കുന്ന ടിവികെ കാര‍്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് തമിഴ്നാട് ബിജെപി അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ.

വിഷയത്തിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം അതിർത്തി ജില്ലകൾ മാലിന‍്യ നിക്ഷേപ കേന്ദ്രങ്ങളായി മാറികൊണ്ടിരിക്കുമ്പോൾ ഭരണകൂടം മൗനം പാലിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നും കൊണ്ടുവരുന്ന ജൈവ ആശുപത്രി മാലിന‍്യങ്ങൾ തെങ്കാശിയിലെ കൃഷിയിടങ്ങളിലും തുറസായ സ്ഥലങ്ങളിലും തള്ളുന്നതും കത്തിക്കുന്നതും ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാത്രം വിൽപ്പനയ്ക്ക് എന്ന് കുപ്പികളിലും വിഷമാലിന‍്യങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത് തെളിവായി കിടന്നിട്ടും മുഖ‍്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് അതിർത്തി ചെക്ക്പോസ്റ്റിൽ നിരീക്ഷണം ഏർപ്പെടുത്താൻ കഴിയുന്നില്ലെന്ന് നൈനാർ എക്സിൽ കുറിച്ചു.

തമിഴ്നാട് സർക്കാരിനും പൊലീസിനും ഇത്തരമൊരു അനാസ്ഥ എങ്ങനെയാണ് അനുവദിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഷയം കേരളത്തിലെ മുഖ‍്യമന്ത്രിയുമായി ചർച്ച ചെയ്യണമെന്നും മാലിന‍്യം കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കുറ്റക്കാർക്കെതിരേ ഗുണ്ട ആക്റ്റ് പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം മുഖ‍്യമന്ത്രി വിജയ്‌യോട് ആവശ‍്യപ്പെട്ടു.