

വിവാഹശേഷം മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും തങ്കമോതിരം; പദ്ധതിയിൽ ഇളവുമായി സർക്കാർ
ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിയുടെ യോഗ്യതയിൽ വീണ്ടും ഇളവു വരുത്തി. വിവാഹം കഴിഞ്ഞ് മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന തമിഴ് സ്ത്രീകൾ ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്കും ഇനി ഒരു ഗ്രാമിന്‍റെ തങ്കമോതിരം കിട്ടും. അമ്മയുടെ മാതാപിതാക്കൾ തമിഴ്നാട്ടിലെ സ്ഥിരം താമസക്കാരാണെന്ന രേഖ മാത്രം സമർപ്പിച്ചാൽ മതിയാകും. കുഞ്ഞ് ജനിക്കുന്നത് തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ആയിരിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ല.
യോഗ്യതയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് പുറത്തു വിട്ടു. പുതിയ ഇളവ് 2026 ജൂൺ മുതൽ ലഭ്യമാകും. മറ്റുസംസ്ഥാനങ്ങളിലേക്ക് വിവാഹം കഴിഞ്ഞു പോയ തമിഴ് സ്ത്രീകൾ പ്രസവ സമയത്ത് സ്വന്തം വീട്ടിലെത്തിയാലും പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് നിബന്ധനയിൽ ഇളവു വരുത്തിയത്.
സെപ്റ്റംബർ 28 മുതലാണ് തായ്മാമൻ തങ്കമോതിരം എന്ന പേരിൽ നവദജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന പദ്ധതിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടക്കമിട്ടത്.