

അയോധ്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയ്ൻ സർവീസ്
ന്യൂഡൽഹി: നേപ്പാളിലെ ജാനക്പുർ ധാമിനും ഉത്തർപ്രദേശിലെ അയോധ്യയ്ക്കുമിടയിൽ പുതിയ പ്രതിവാര ട്രെയ്ൻ സർവീസ് ആരംഭിക്കാൻ റെയ്ൽവേ ബോർഡ് അംഗീകാരം നൽകി. എന്നാൽ സർവീസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഏകദേശം 604 കിലോമീറ്റർ ദൂരം പിന്നിടുന്ന ട്രെയ്ൻ ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും കടന്നുപോകും. ജയ്നഗർ, മധുബനി, ശിശോ, സീതാമർഹി, റക്സൗൾ, നർകതിയാഗഞ്ച്, ഗോരഖ്പുർ, ബസ്തി, മൻകാപുർ, അയോധ്യ ധാം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന ട്രെയ്ൻ ശനിയാഴ്ച ജാനക്പുർ ധാമിൽനിന്നും തിങ്കളാഴ്ച അയോധ്യ കാന്റിൽനിന്നും പുറപ്പെടും.
രാമായണ പാരമ്പര്യവുമായി ആഴത്തിൽ ബന്ധപ്പെട്ട രണ്ട് തീർഥാടന കേന്ദ്രങ്ങളായ ജാനക്പുർ ധാമിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന സുപ്രധാന റെയ്ൽപാതയായി പുതിയ സർവീസ് മാറുമെന്ന് റെയ്ൽവേ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. സീതയുടെ ജന്മസ്ഥലമായാണ് ജാനക്പുർ ധാം വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ.
ഇരു രാജ്യങ്ങളിലെയും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും പ്രമുഖ മത-സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് കൂടുതൽ സൗകര്യപ്രദമായി എത്താൻ പുതിയ സർവീസ് സഹായിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
ജാനക്പുരിനും അയോധ്യയ്ക്കുമിടയിലെ തീർഥാടന യാത്രകൾ സുഗമമാക്കുന്നതിനൊപ്പം രാമായണവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര മേഖലകളുടെ വികസനത്തിനും വിദ്യാഭ്യാസം, ബിസിനസ്, കുടുംബസംബന്ധമായ ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരുടെ സഞ്ചാരസൗകര്യം മെച്ചപ്പെടുത്താനും സർവീസ് സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.