

പ്രതീകാത്മക ചിത്രം
സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുരിൽ പരിശീലന വിമാനം ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ടു. വനിതാ ട്രെയ്നി പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.
റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയ്നിങ് അക്കാദമിയുടെ ടെക്നം പി-മെന്‍റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനിടെ വിമാനം ശക്തമായി നിലത്തിറങ്ങുകയും റൺവേയിൽ നിന്ന് തെന്നിമാറുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ക്രോസ് കൺട്രി പരിശീലനത്തിന്‍റെ ഭാഗമായി ഒറ്റയ്ക്ക് പറക്കുകയായിരുന്നു വനിതാ ട്രെയ്നി പൈലറ്റ്. റൺവേയുടെ ടാർ ചെയ്ത ഭാഗത്ത് നിന്ന് പുറത്തേക്ക് നീങ്ങിയ വിമാനം മുൻഭാഗം താഴ്ന്ന് ചരിഞ്ഞ നിലയിലാണ് നിന്നത്.
അപകടത്തെ തുടർന്ന് അഗ്നിരക്ഷാസേനയും ആംബുലൻസും പൊലീസ് സംഘവും വിമാനത്താവളത്തിലെത്തി. അപകടസ്ഥലത്ത് വിമാനത്താവള അധികൃതരും പൊലീസും പരിശോധന നടത്തി.
ഇറ്റാലിയൻ നിർമിതമായ രണ്ട് സീറ്റുകളുള്ള, ഒറ്റ എൻജിനുള്ള ചെറുവിമാനമാണ് ടെക്നം പി-മെന്‍റർ. പ്രാഥമിക പരിശീലനം മുതൽ ഇൻസ്ട്രുമെന്‍റ് ഫ്ലൈറ്റ് പരിശീലനം വരെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ഈ വിമാനം.
കഴിഞ്ഞ ഡിസംബറിലും റെഡ്ബേർഡ് അക്കാദമിയുടെ ടെക്നം പി-മെന്‍റർ വിമാനം മധ്യപ്രദേശിലെ സുക്താര എയർഫീൽഡിന് സമീപം തകർന്നുവീണിരുന്നു. പതിവ് പരിശീലന പറക്കലിനിടെ ലാൻഡിങ്ങിന് തൊട്ടുമുൻപ് എൻജിന്‍റെ ശക്തി പെട്ടെന്ന് നഷ്ടപ്പെട്ടതിനെ തുടർന്ന് പരിശീലകൻ വിമാനം അടിയന്തരമായി നിലത്തിറക്കാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ പരിശീലകന് നിസാരമായും ട്രെയ്നി പൈലറ്റിന് ഗുരുതരമായും പരുക്കേറ്റിരുന്നു.