

ഡോണൾഡ് ട്രംപ്
file image
വാഷിങ്ടൺ: അമെരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവിൽ രണ്ട് വർഷത്തേക്ക് തീരുവ പൂജ്യമായി തുടരുമെങ്കിലും, തുടർന്ന് ഒരു വർഷത്തേക്ക് 100 ശതമാനവും അതിനു ശേഷം 200 ശതമാനവും തീരുവ ഈടാക്കുമെന്നാണ് ട്രംപ് അറിയിച്ചത്. ഈ തീരുമാനം അമെരിക്കൻ വിപണിയെ ആശ്രയിക്കുന്ന ഇന്ത്യൻ ഔഷധ വ്യവസായത്തിന് വലിയ ആഘാതമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2026 ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയപ്രകാരം, അമെരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകൾക്കും ആദ്യ രണ്ട് വർഷം തീരുവയുണ്ടാകില്ല. അതിന് ശേഷം ഒരു വർഷത്തേക്ക് 100 ശതമാനം തീരുവയും, പിന്നീട് സ്ഥിരമായി 200 ശതമാനം തീരുവയും ഈടാക്കുമെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. "ജനറിക് മരുന്നുകളുടെ ഉൽപാദനം അമെരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. നിശ്ചിത സമയത്തിനുള്ളിൽ അമെരിക്കയിൽ ഫാക്റ്ററികളും ഉൽപാദന സംവിധാനങ്ങളും സ്ഥാപിക്കാത്ത കമ്പനികൾക്ക് പിഴയെന്ന നിലയിലാണ് ഈ തീരുവ,"- ട്രംപ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് നിർമാതാക്കളിലൊന്നാണ് ഇന്ത്യ. അമെരിക്കയാണ് ഇന്ത്യൻ ഫാർമ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. കുറഞ്ഞ ചെലവിൽ മരുന്നുകൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് പുതിയ തീരുവ നിലവിൽ വന്നാൽ വില മത്സരശേഷി കുറയാനും കയറ്റുമതി ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ കമ്പനികൾ അമെരിക്കയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ നിർബന്ധിതരാകുകയോ, അധിക ചെലവ് ഉപഭോക്താക്കൾക്ക് കൈമാറുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമെരിക്കയിൽ ജനറിക് മരുന്നുകളുടെ വില വർധിക്കാനും ആരോഗ്യചെലവ് ഉയരാനും ഈ നയം കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രമുഖ ഫാർമ കമ്പനികളുടെ ഓഹരികൾക്ക് ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്.
എന്താണ് ജനറിക് മരുന്ന് ?
ജനറിക് മരുന്ന് എന്നത് ഇതിനകം പേറ്റന്‍റ് കാലാവധി അവസാനിച്ച ഒരു ബ്രാൻഡഡ് മരുന്നിന്‍റെ അതേ സജീവ ഘടകം, അതേ അളവ്, അതേ ഗുണനിലവാരം, അതേ സുരക്ഷ, അതേ ചികിത്സാ ഫലം എന്നിവയുള്ള മരുന്നാണ്. വ്യത്യാസം പ്രധാനമായും ബ്രാൻഡ് പേരിലും വിലയിലുമാണ്.
ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് ജനറിക് മരുന്നുകൾ സാധാരണയായി വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കാരണം, അവ വികസിപ്പിക്കുന്ന കമ്പനികൾക്ക് പുതിയ മരുന്ന് കണ്ടെത്തുന്നതിനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള വൻ ഗവേഷണചെലവ് വഹിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളിൽ ചെലവ് കുറയ്ക്കാൻ ജനറിക് മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നു.