
നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനമായി ഉയർത്തിയതോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിതമായുള്ള ട്രംപിന്‍റെ നീക്കം ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടരെ തുടരെ ട്രംപ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നതിന് കാരണം ഇന്ത്യ-പാക് സംഘർഷമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയുണ്ടായ സംഘർഷം ഒഴിവാക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനും കാരണം താനാണെന്ന് ഡോണൾഡ് ട്രംപ് നിരന്തരമായി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ ഇടനിലക്കാരെ ആശ്രയിച്ചിരുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് നിരീക്ഷണം. അതിനു പിന്നാലെ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത് നിർത്തിയെന്ന് കേട്ടുവെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ
ഇതിനു വിരുദ്ധമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ നിസ്സംശയം വ്യക്തമാക്കിയതോടെ ട്രംപ് കൂടുതൽ അകന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ശിക്ഷയായാണ് ഇന്ത്യക്ക് ചുമത്തിയിരിക്കുന്ന അധിക കയറ്റുമതി തീരുവ എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. എന്നിരുന്നാൽ തന്നെ ട്രംപിന്‍റെ താരിഫ് നീക്കം സാമ്പത്തികമേഖലയേക്കാൾ അധികം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രത്തെ ബാധിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നതെങ്കിൽ ചൈനയോട് യുഎസ് ഇതേ നിലപാട് പിന്തുടരേണ്ടതാണെന്ന് സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ മൈക്കിൾ കുഗേൽമാൻ പറയുന്നു. പക്ഷേ ചൈനയുടെ താരിഫിൽ മാറ്റം വരുത്തിയിട്ടില്ല. അപ്പോൾ പിന്നെ ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നിൽ താനാണെന്ന ട്രംപിന്‍റെ അവകാശ വാദം ഇന്ത്യ തള്ളിയതാണ് നിലവിലെ താരിഫ് വർധനവിന് പിന്നിലെന്ന് ഉറച്ചു വിശ്വസിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.