'ഇന്ത്യ' മുന്നണിയിൽ ടിവികെ? യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല

കോൺഗ്രസുമായി സഖ്യകക്ഷികൾക്കുള്ള കടുത്ത ഭിന്നതകൾക്കിടെയാണ് യോഗം.
TVK in the 'India' front? DMK will not attend the meeting

വിജയ്, രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം സഖ്യത്തിലും ദേശീയ, പ്രാദേശിക രാഷ്‌ട്രീയത്തിലുമുണ്ടാക്കിയ ചലനങ്ങൾക്കിടെ തിങ്കളാഴ്ച ഡൽഹിയിൽ "ഇന്ത്യ' മുന്നണിയുടെ യോഗം. 23 പാർട്ടികൾ പങ്കെടുക്കുമെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു. എന്നാൽ, മുന്നണിയുടെ തുടക്കം മുതൽ അംഗമായിരുന്ന ഡിഎംകെ പങ്കെടുക്കില്ല. എഎപിയും വിട്ടുനിൽക്കും. കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇടതുപാർട്ടികളും ബിജെപിയുമായി "ഡീൽ' ഉണ്ടെന്ന് ആരോപിച്ച കോൺഗ്രസിനോടുള്ള കടുത്ത പ്രതിഷേധമറിയിച്ചുകൊണ്ടാണ് സിപിഎം പങ്കെടുക്കുന്നത്.

കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുക്കും. ഇന്നു നടക്കുന്ന "ഇന്ത്യ ജൻബന്ധൻ' യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്നും പ്രതിപക്ഷ ഐക്യം ശക്തമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. ചില പാർട്ടികളും നേതാക്കളും എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, അവരും മോദി സർക്കാരിന്‍റെ നയങ്ങളോടുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം.

അതേസമയം, കോൺഗ്രസുമായി സഖ്യകക്ഷികൾക്കുള്ള കടുത്ത ഭിന്നതകൾക്കിടെയാണ് യോഗം. തമിഴ്നാട്ടിൽ അപ്രതീക്ഷിത ചുവടുമാറ്റത്തിലൂടെ ടിവികെയെ പിന്തുണച്ച കോൺഗ്രസിനോട് ഇടഞ്ഞ ഡിഎംകെ പ്രതിപക്ഷ കൂട്ടായ്മയിൽ നിന്നു പിന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ ടിവികെയെ ഇന്നത്തെ യോഗത്തിൽ ഉൾപ്പെടുത്തുമെന്നു കരുതുന്നു. എഎപി ഏറെക്കാലമായി സഖ്യവുമായി അകന്നുനിൽക്കുകയാണ്. ഡിഎംകെയെ ഉപേക്ഷിച്ച് കോൺഗ്രസ് ടിവികെയ്ക്കൊപ്പം പോയതിനെ എസ്പി നേതൃത്വവും വിമർശിച്ചിരുന്നു.

സിപിഎം- ബിജെപി ഡീൽ എന്നു രാഹുൽ ഗാന്ധിയും ഖാർഗെയുമടക്കം നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനിടെ ആരോപിച്ചത് കോൺഗ്രസും ഇടതുപക്ഷവുമായുള്ള ബന്ധത്തെ ഉലച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചു. ഇന്നത്തെ യോഗത്തിൽ സിപിഎമ്മിനു വേണ്ടി പങ്കെടുക്കുന്ന ജോൺ ബ്രിട്ടാസ് എംപി ഇക്കാര്യം ഉന്നയിക്കും.

ഇത്തരം വിയോജിപ്പുകൾക്കിടയിലും തൃണമൂൽ കോൺഗ്രസ് മുന്നണിയിൽ സജീവമാകുന്നുവെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസം. ഒരു ഘട്ടത്തിൽ മുന്നണിയുടെ നേതൃത്വം തനിക്കു വേണമെന്ന് ആവശ്യപ്പെട്ടിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് തിരിച്ചടി കരുത്ത് ചോർത്തിയ പശ്ചാത്തലത്തിലാണു യോഗത്തിനെത്തുന്നത്. പശ്ചിമ ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളുമടക്കം ആരുടെയും പിന്തുണയും സഖ്യവും ആവശ്യമില്ലെന്നായിരുന്നു മമതയുടെ മുൻ നിലപാട്. എന്നാൽ, ബിജെപിക്കെതിരേ കൂട്ടായ്മ വേണമെന്ന നിലപാടിലേക്ക് പുതിയ സാഹചര്യങ്ങൾ മമതയെ മാറ്റിയിട്ടുണ്ട്.

2024 ജൂൺ ഒന്നിനാണ് "ഇന്ത്യ' മുന്നണി അവസാനമായി ഔദ്യോഗിക യോഗം ചേർന്നത്. 2025 ഓഗസ്റ്റ് ഏഴിന് രാഹുൽ ഗാന്ധി മുന്നണി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. പിന്നീടു പാർലമെന്‍റ് സമ്മേളന കാലങ്ങളിലൊഴികെ യോഗങ്ങളുണ്ടായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com