

വിജയ് സർക്കാരിനെതിരായ കുതിരകച്ചവട ആരോപണങ്ങൾ നിഷേധിച്ച് ടിവികെ മന്ത്രി
file image
ചെന്നൈ: ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് എതിരായ കുതിരകച്ചവട ആരോപണങ്ങൾ നിഷേധിച്ച് തമിഴ്നാട് റവന്യൂമന്ത്രി കെ.എ. സെങ്കോട്ടയ്യൻ. തമിഴ്നാടിന് കുതിരകച്ചവടം പരിചയപ്പെടുത്തിയത് ഡിഎംകെ ആണെന്നും സെങ്കോട്ടയ്യൻ ആരോപിച്ചു. എഐഡിഎംകെ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ടിവികെയിലേക്ക് എംഎൽഎമാർ എത്തുന്നതിനാൽ കുതിരകച്ചവട ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സെങ്കോട്ടയ്യന്‍റെ പ്രതികരണം.
പൊതുജനത്തിന്‍റെ ശക്തമായ പിന്തുണയുള്ളതാണ് ടിവികെ നയിക്കുന്ന സർക്കാരെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു. കുതിരകച്ചവട ആരോപണങ്ങൾക്ക് പിന്നിൽ യാതൊരു വിധ സത്യവുമില്ല. ശക്തമായ കരുത്തുറ്റ സർക്കാരാണ് തങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അതിനാൽ തങ്ങൾക്ക് കുതിരകച്ചവടത്തിൽ ഏർപ്പെടേണ്ട ആവശ്യവുമില്ല. തങ്ങളുടെ സഖ്യം കരുത്തുറ്റതാണെന്നും സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ, ഐയുഎംഎൽ എന്നിവരിൽ നിന്ന് ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിന്‍റെ രാഷ്ട്രീയ രംഗത്ത് ഡിഎംകെയാണ് കുതിരകച്ചവടം ആദ്യമായി അവതരിപ്പിച്ചതെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു. 96 എംഎൽഎമാരുമായി ന്യൂനപക്ഷ സർക്കാരിനെ കൊണ്ടുനടന്നവരാണ് അതിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ ടിവികെ സർക്കാർ സുതാര്യമാണെന്നും സെങ്കോട്ടയ്യൻ വ്യക്തമാക്കി.