മോദിയോട് ചോദ്യം ചോദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടോ? വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രം

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് ആരോപണം
മോദിയോട് ചോദ്യം ചോദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടോ? വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രം

ജി7 ഉച്ചക്കോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്.

Updated on

ന്യൂഡൽഹി: ഫ്രാൻസിൽ നടത്തിയ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന വിവാദത്തിൽ വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം. ലോകനേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മുൻപ് മാധ്യമ പങ്കാളിത്തത്തെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നത് തികച്ചും സാധാരണ നടപടിക്രമം മാത്രമാണെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം ഈ വിശദീകരണം നൽകിയിരിക്കുന്നത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് ഇന്ത്യൻ സംഘം പ്രത്യേക അഭ്യർഥന നടത്തിയിരുന്നുവെന്ന് സെർജിയോ ഗോർ ആരോപിച്ചിരുന്നു.

"മാധ്യമ ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഇന്ത്യ താല്പര്യപ്പെടുന്നതെന്ന് ഞാൻ പ്രസിഡന്‍റ് ട്രംപിനെ അറിയിച്ചു. എന്നാൽ, ഇരുനേതാക്കളും സംസാരിച്ചതിനു തൊട്ടുപിന്നാലെ ട്രംപ് ക്യാമറകൾക്ക് നേരെ നോക്കി 'എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?' എന്ന് ആരായുകയായിരുന്നു. ഇതോടെ കാര്യങ്ങൾ മാറിമറിയുകയും 45 മിനിറ്റോളം നീണ്ട മാധ്യമസമ്മേളനമായി അത് മാറുകയും ചെയ്തു"- ഗോർ വ്യക്തമാക്കി.

യുഎസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹത്തിന്‍റെ പ്രവചനാതീതമായ പെരുമാറ്റം മറ്റ് വിദേശ പ്രതിനിധി സംഘങ്ങളെ ആശങ്കപ്പെടുത്താറുണ്ട്. മുമ്പ് യുകെ, ഉക്രെയ്ൻൻ, ദക്ഷിണാഫ്രിക്ക രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകളിൽ ഇങ്ങനെ സംഭവിച്ചിരുന്നു. അതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച സാധാരണ പ്രോട്ടോകോൾ പാലിക്കാൻ ഇന്ത്യ താല്പര്യപ്പെട്ടത്.

വിവാദങ്ങൾക്കിടയിലും ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയം പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. യു.എസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം വർധിക്കുന്ന പശ്ചാത്തലത്തിൽ, അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇന്ത്യയുടെ സുരക്ഷാ ആശങ്കകളിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയ ട്രംപ്, ഭാവിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും നൽകി.

logo
Metro Vaartha
www.metrovaartha.com