നടി ട്വിഷ ശർമയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിങ്ങിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ മധ‍്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ

ട്വിഷ‍യുടെ ഭർത്താവ് സമർഥ് സിങ്ങിന്‍റെ ജാമ‍്യാപേക്ഷയിൽ കോടതി വാദം കേൾക്കും
twisha sharma death case updates

'ട്വിഷ ശർമയും ഭർത്താവ് സമർഥ് സിങ്ങും

Updated on

ഭോപ്പാൽ: ഭോപ്പാലിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര‍്യത്തിൽ മരണപ്പെട്ട നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതയായ മുൻ ജഡ്ജി ഗിരിബാല സിങ്ങിന് മുൻകൂർ ജാമ‍്യം നൽകിയ ഉത്തരവിനെതിരേ മധ‍്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

ട്വിഷ‍യുടെ ഭർത്താവ് സമർഥ് സിങ്ങിന്‍റെ ജാമ‍്യാപേക്ഷയിൽ കോടതി വാദം കേൾക്കും. കേസിൽ സംസ്ഥാന സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്.

33കാരിയായ ട്വിഷ ശർമയെ ഇക്കഴിഞ്ഞ മേയ് 12നാണ് ഭോപ്പാലിലെ കത്താറ ഹിൽസ് പ്രദേശത്തെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമർഥ് സിങ്ങുമായുള്ള വിവാഹം കഴിഞ്ഞ് 5 മാസം പൂർത്തിയാകുമ്പോഴാണ് ട്വിഷ മരണപ്പെട്ടത്. സമർഥ് സിങ്ങിന്‍റെ കുടുംബത്തിനെതിരേ സ്ത്രീധന പീഡനം, മാനസിക- ശാരീരിക പീഡനം എന്നിവ ആരോപിച്ച് ട്വിഷയുടെ കുടുംബം രംഗത്തെത്തിയതോടെ പൊലീസ് കേസെടുത്തിരുന്നു.

ഗിരിബാല സിങ് മുൻ ജഡ്ജിയും നിലവിൽ ഭോപ്പാൽ ജില്ലാ ഉപഭോക്ത‍്യ കമ്മിഷൻ മേധാവി ആയതിനാൽ ഈ കേസ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഈ മാസം തുടക്കം ഭോപ്പാൽ സെഷൻസ് കോടതിയാണ് ഗിരിബാല സിങ്ങിന് ജാമ‍്യം അനുവദിച്ചത്.

എന്നാൽ ഇതേ കോടതി സമർഥ് സിങ്ങിന്‍റെ ജാമ‍്യാപേക്ഷ തള്ളി. സമർഥ് സിങ് ഒളിവിലാണെന്നും ഇയാളെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർ‌ക്ക് പാരിതോഷികം നൽകുമെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ഗിരിബാല സിങ്ങിന്‍റെ ജാമ‍്യം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ട്വിഷയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com