

ബിഹാറിൽ മെമു ട്രെയ്നിന് തീപിടിച്ചു (പ്രതീകാത്മക ചിത്രം)
സഹർസ: ബിഹാറിലെ സഹർസ ജില്ലയിൽ സമസ്തിപുർ–സഹർസ മെമു ട്രെയ്നിന്‍റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം.
സമസ്തിപുർ–സഹർസ മെമു ട്രെയ്ൻ (63344) സിമ്രി ബഖ്തിയാർപുർ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒരു കോച്ചിലെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തൊട്ടുപിന്നാലെ തീ സമീപ കോച്ചിലേക്കും പടർന്നു. ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയ്നിൽ നിന്ന് ഇറക്കുകയും വൈദ്യുതി വിതരണം വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാസേന എത്തി രാവിലെ 5.50ഓടെ തീ പൂർണമായും അണച്ചു.
സംഭവത്തെ തുടർന്ന് ഈ പാതയിലെ ട്രെയ്ൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂർ തടസപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ റെയ്ൽവേ അന്വേഷണം പ്രഖ്യാപിച്ചു.