

വി. വിരേന്ദർ, എം. വേലൻ
തിരുവള്ളുർ: തമിഴ്നാട്ടിലെ തിരുവള്ളുർ ജില്ലയിൽ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ബാനർ കെട്ടുന്നതിനിടെ ഷോക്കേറ്റ് രണ്ട് ഡിഎംകെ പ്രവർത്തകർ മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. ജില്ലയിലെ വെങ്കലിന് സമീപത്തെ വാണിയചതിരത്ത് വെള്ളിയാഴ്ചയാണ് സംഭവം. ഡിഎംകെ നേതാവായ ഉദയനിധിയുടെ 49ാം ജന്മദിനമാണ് വെള്ളിയാഴ്ച.
അണ്ണാ നഗർ സ്വദേശി വി. വിരേന്ദർ (22), കരണി സ്വദേശി എം. വേലൻ (30) എന്നിവരാണ് മരിച്ചത്. വാണിയചതിരം സ്വദേശി ആൽബർട്ട് (22) എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡരികിൽ ബാനർ സ്ഥാപിക്കുന്നതിനിടെ അതിന്റെ മുകൾഭാഗം വൈദ്യുതി കമ്പിയിൽ തട്ടിയപ്പോഴാണ് മൂന്ന് പേർക്കും ഷോക്കേറ്റത്. ജന്മദിനം പ്രമാണിച്ച് പ്രദേശത്ത് നടന്ന സഹായവിതരണ പരിപാടിയിലും ഇവർ പങ്കെടുത്തിരുന്നു. ഇതിനുശേഷം ബാനർ സ്ഥാപിക്കാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
പ്രാദേശിക ഡിഎംകെ നേതാക്കളുടെ ബന്ധുക്കൾ കൂടിയാണ് മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളുർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെങ്കൽ പൊലീസ് കേസെടുത്തു.