പുരി രഥയാത്രയ്ക്ക് യുനെസ്കോ പൈതൃക പദവി; കേന്ദ്ര സഹായം തേടി ഒഡീഷ സർക്കാർ

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കത്തയച്ച് ഒഡീഷ മുഖ്യമന്ത്രി
Puri Jagannath Rath Yatra (File photo)

പുരി ജഗന്നാഥ രഥയാത്ര (ഫയൽ ചിത്രം)

Updated on

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നാമനിർദേശത്തിന് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ തേടി ഒഡീഷ സർക്കാർ. ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതിയുടെ ശുപാർശ കേന്ദ്രത്തിന് കൈമാറിയ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനയച്ച കത്തിൽ ഈ നിർദേശം അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു.

രഥയാത്ര ഒരു മതപരമായ ആഘോഷം മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആത്മീയതയും കരകൗശലവും സംഗീതവും നൃത്തവും സമൂഹപങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിവർഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരും സന്ദർശകരും പങ്കെടുക്കുന്ന ഈ ഉത്സവത്തെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ആഗോള അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ എല്ലാ രേഖകളും നിശ്ചിത മാതൃകയിൽ ജഗന്നാഥ ക്ഷേത്ര ഭരണസമിതി സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രാലയത്തിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂലൈ 16 മുതൽ 27 വരെ നടന്ന ഇത്തവണത്തെ പുരി രഥയാത്രയിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തുവെന്നാണ് അധികൃതരുടെ കണക്ക്.

logo
Metro Vaartha
www.metrovaartha.com