ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും, തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാൻ നിർദേശമില്ല, സഭയിൽ ഹാജരാകണമെന്ന് അംഗങ്ങൾക്ക് ബിജെപി, കോൺഗ്രസ് വിപ്പ്
union cabinet approved one nation one election bill
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Updated on

ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാൻ നിർദേശിക്കുന്ന "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗമാണു മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതി അംഗീകാരം നൽകിയത്. ബിൽ പാർലമെന്‍റിന്‍റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് ഇതോടെ വഴിയൊരുങ്ങി.

വെള്ളി, ശനി ദിവസങ്ങളിൽ ലോക്സഭയിൽ ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ചർച്ചയാണ്. രണ്ടു ദിവസവും സഭയിൽ മുഴുവൻ സമയവുമുണ്ടായിരിക്കണമെന്നു ബിജെപിയും കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകി. 16നും 17നുമാണ് രാജ്യസഭയിൽ ഭരണഘടനാ ചർച്ച.

നിയമസഭകളുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളെ ഭരണഘടനാ ഭേദഗതി ബില്ലിനു കീഴിലാക്കുന്നതുൾപ്പെടെ രണ്ടു കരട് ബില്ലുകൾക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു കൂടി പൊതു തെരഞ്ഞെടുപ്പിന്‍റെ ഭാഗമാക്കാൻ രാംനാഥ് കോവിന്ദ് സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും തത്കാലം ഇതു പരിഗണിച്ചിട്ടില്ല.

തുടർച്ചയായി തെരഞ്ഞെടുപ്പുകൾ നടക്കുന്നത് രാജ്യത്തിന്‍റെ വികസന വേഗത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള നിർദേശം 2016ലാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലും ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു.

എൻഡിഎയിലെ പ്രധാന ഘടകകക്ഷികളായ ടിഡിപി, ജെഡിയു, എൽജെപി എന്നിവയുടെ പിന്തുണയുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിക്കുള്ള ആൾബലം സർക്കാർ പക്ഷത്ത് നിലവിലില്ല. ഒരൊഴിവുള്ളതിനാൽ നിലവിൽ 542 ആണ് ലോക്സഭയുടെ അംഗബലം. എൻഡിഎയ്ക്ക് 293 അംഗങ്ങളും 'ഇന്ത്യ' മുന്നണിക്ക് 235ഉം എംപിമാരാണുള്ളത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് 361 പേരുടെ പിന്തുണ വേണം. 243 അംഗ രാജ്യസഭയിൽ ഭരണസഖ്യത്തിന് 122 പേരാണുള്ളത്.

പഞ്ചായത്ത് മുതൽ പാർലമെന്‍റ് വരെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള വ്യവസ്ഥയ്ക്കായി ഭരണഘടനയിൽ 324 എ എന്ന പുതിയ അനുച്ഛേദം ഉൾപ്പെടുത്താനാണു രാംനാഥ് കോവിന്ദ് സമിതിയുടെ ഭരണഘടനാ ഭേദഗതി ബിൽ ശുപാർശ ചെയ്യുന്നത്. ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യം ഒഴിവാക്കിയാണ് മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്‍റ് പാസാക്കിയാലും 50 ശതമാനം സംസ്ഥാന നിയമസഭകളും ഈ ബിൽ അംഗീകരിക്കണം. പുതുച്ചേരി, ഡൽഹി, ജമ്മു കശ്മീർ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംബന്ധിച്ചാണു രണ്ടാമത്തെ ബിൽ.

മാറ്റം യാഥാർഥ്യമായാൽ വോട്ടർപട്ടിക തയാറാക്കുന്നതിലുൾപ്പെടെ ആവർത്തനച്ചെലവുകൾ ഒഴിവാകുമെന്നും തുടർച്ചയായി പെരുമാറ്റച്ചട്ടം വരുന്നതു മൂലം വികസന പ്രവർത്തനങ്ങളിലുണ്ടാകുന്ന സ്തംഭനം ഒഴിവാകുമെന്നും സർക്കാർ പറയുന്നു. എന്നാൽ, ജിഎസ്‌ടി പോലെ എല്ലാം കേന്ദ്രീകൃതമാക്കാനുള്ള സംഘപരിവാർ അജൻഡയാണിതെന്നും നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com